| Saturday, 18th May 2019, 12:13 pm

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ദല്‍ഹിയില്‍ മുസ്‌ലിം വോട്ടുകള്‍ കോണ്‍ഗ്രസിനു പോയി; സംഭവിച്ചതെന്താണെന്ന് പരിശോധിക്കുമെന്ന് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ദല്‍ഹിയില്‍ മുസ്‌ലിം വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

‘എന്തു സംഭവിക്കുമെന്ന് നമുക്ക് കാണാം. സത്യത്തില്‍ വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പുവരെ ഏഴ് സീറ്റും ആം ആദ്മിയ്ക്ക് ലഭിക്കുന്ന സാഹചര്യമായിരുന്നു. അവസാന നിമിഷം മുസ്‌ലിം വോട്ടുകള്‍ മുഴുവന്‍ കോണ്‍ഗ്രസിലേക്കു പോയി. അവസാന രാത്രി, തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പത്തെ രാത്രി. എന്താണ് സംഭവിച്ചതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. മുഴുവന്‍ മുസ്‌ലിം വോട്ടുകളും കോണ്‍ഗ്രസിലേക്കു പോയി. 12-13% വരും അത്. ‘ അദ്ദേഹം പറഞ്ഞു.

പഞ്ചാബിലെ രാജ്പുരയില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെജ്‌രിവാളിന്റെ ഭരണ മാതൃക ദല്‍ഹി ജനതയ്ക്ക് ബോധ്യമാകാത്തതും ഇഷ്ടമില്ലാത്തതുമാണെന്ന് പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിത് പറഞ്ഞു.

‘അദ്ദേഹം എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് അറിയില്ല. ഇഷ്ടമുള്ള പാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ദല്‍ഹിയിലെ ജനങ്ങള്‍ അദ്ദേഹത്തിന്റെ ഭരണ മാതൃക മനസിലാവാത്തവരോ ഇഷ്ടപ്പെടാത്തവരോ ആണ്.’ എന്നും ഷീലാ ദീക്ഷിത് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടുകളില്‍ അട്ടിമറി നടന്നില്ലെങ്കില്‍ മോദിജി തിരിച്ചുവരില്ലയെന്നും കെജ്‌രിവാള്‍ പറഞ്ഞു. ‘ഇ.വി.എമ്മുകള്‍ അട്ടിമറിച്ചില്ലെങ്കില്‍ മോദിജി തിരിച്ചുവരില്ല. പക്ഷേ അത് നടന്നോ ഇല്ലയോയെന്ന് എനിക്ക് അറിയില്ല.’ എന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more