ന്യൂദല്‍ഹി: ബി.ജെ.പി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്തില്ലെങ്കില്‍ കുടിയൊഴിപ്പിക്കുമെന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷിണിക്ക് എതിരെ മുസ്‌ലിം വിഭാഗക്കാരായ വോട്ടര്‍മാര്‍ കോടതിയില്‍. അസമിലെ കരിംഗഞ്ജ് പാര്‍ലമെന്റ് മണ്ഡലത്തിലെ ഗ്രാമവാസികളാണ് വനം വകുപ്പിലെ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിച്ചത്.
അസമിലെ ഹൈലക്കണ്ടി ജില്ലയിലെ ബട്കസി ഗ്രാമത്തിലെ ജനങ്ങള്‍ ആണ് പരാതിക്കാര്‍. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ് ഇത്. വിഷയത്തില്‍ കരിംഗഞ്ജ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സെയ്ദുല്‍ അലി, ദിന്‍ ഹുസൈന്‍, മോജമുന് നെഹ്റ എന്നിവരാണ് കരിംഗഞ്ജ് കോടതിയെ സമീപിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കൃതാനത് മല്ലയ്ക്ക് വോട്ട് ചെയ്യണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്നാണ് പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ മൂന്ന് ദിവസമായി പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ഇവരുടെ ഗ്രാമത്തില്‍ ചെല്ലുകയും അവരുടെയും വീടുകളുടെയും ഫോട്ടോ എടുക്കുകയും, തെരഞ്ഞെടുപ്പില്‍ കൃതാനത് മല്ല ജയിച്ചില്ലെങ്കില്‍ ഏപ്രില്‍ 7 ന് അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി 40, 45 ഓളം ആയുധധാരികളായ പൊലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഞങ്ങളുടെ ഗ്രാമത്തില്‍ നിരന്തരമായി എത്തുകയും ഞങ്ങളെ വീടിന് പുറത്തേക്ക് വിളിക്കുകയും വീടുകളുടെയും ഫോട്ടോ എടുക്കുകയും ചെയ്തു.
ഞങ്ങളെ വീടിന് പുറത്ത് നിര്‍ത്തിയ ശേഷം തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൃതാനത് മല്ല ജയിച്ചില്ലെങ്കില്‍ ഏപ്രില്‍ 7 ന് വീടുകള്‍ ബുള്‍ഡോസര്‍ വെച്ച് തകര്‍ക്കുമെന്ന് ഭീഷിണിപ്പെടുത്തുകയായിരുന്നു. ഞങ്ങളെ അവര്‍ അഭയാര്‍ത്ഥികള്‍ എന്ന് വിളിച്ച അധിക്ഷേപിച്ചു.
ഇവിടെ സമാധാനപൂര്‍വ്വം ജീവിക്കണം എന്നുണ്ടെങ്കില്‍ ഞങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി കൃതാനത് മല്ല പറഞ്ഞു,’ ഇവര്‍ പരാതിയില്‍ പറയുന്നു.
ബട്കസ്സി, റോങ്ങാപ്പൂര്‍, ചെറങ്ങി, ജലലവാദ്, വിട്ടോര്‍ ബലിയ തുടങ്ങിയ ഗ്രാമങ്ങളിലും സമാനമായി ഇവര്‍ എത്തുകയും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഭീഷിണിപ്പെടുത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ വിവാദ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ എം.കെ യാദവയും ഉണ്ട്. നേരത്തേയും വിവിധ കേസുകളില്‍ ആരോപണവിധേയനായ വ്യക്തിയാണ് ഇദ്ദേഹം.
കടുവ സംരക്ഷണത്തിനുള്ള ഫണ്ട് ദുരുപയോഗം ചെയ്തതിലും ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിന്റെ കാശി സന്ദര്‍ശന വേളയില്‍ ബില്ലുകളില്‍ തിരിമറി നടത്തിയതിലും ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സസ്പെന്‍ഷന്‍ നടപടിയും ഇദ്ദേഹം നേരിട്ടു.
എന്നാല്‍ അധികം വൈകാതെ തന്നെ ഹിമന്ത ബിശ്വ ശര്‍മയുടെ സര്‍ക്കാര്‍ ഇദ്ദേഹത്തെ വനംവകുപ്പിലെ ഉന്നത തസ്തികയില്‍ നിയമിച്ചു. യാദവയുടെ നിയമനത്തിനെതിരെ അസമില്‍ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
Content Highlight: Muslim voters in court against forest department officials’ threat of eviction if they don’t vote for BJP