ശ്രീലങ്ക പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; പോളിംഗ് ബൂത്തിലേക്ക് പോവുന്ന മുസ്‌ലിം വോട്ടര്‍മാര്‍ക്ക് നേരെ ആക്രമണം
World
ശ്രീലങ്ക പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; പോളിംഗ് ബൂത്തിലേക്ക് പോവുന്ന മുസ്‌ലിം വോട്ടര്‍മാര്‍ക്ക് നേരെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th November 2019, 10:52 am

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജ്യത്ത് ആക്രമണം. മുസ്‌ലിം വോട്ടര്‍മാരെ പോളിംഗ് ബൂത്തിലേക്ക് കൊണ്ടു പോവുന്ന വാഹനത്തിനുനേരെയാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ ആളപായമില്ല.വടക്കു പടിഞ്ഞാറന്‍ മേഖലയിലെ തീരദേശനഗരമായ പുറ്റാലത്ത് നിന്ന് സമീപ ജില്ലയായ മാന്നാറിലേക്ക് പോയവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മേഖലയില്‍ ഉടന്‍ പൊലീസെത്തുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശ്രീലങ്കയെ ഞെട്ടിച്ച ഭീകരാക്രമണത്തിനു 7 മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിനെ ഏവരും ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്.
ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ 250 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ മുറിവുകള്‍ ഇതുവരെയും ഉണങ്ങിയിട്ടില്ല.

ഇതിനിടയില്‍ നിരവധി മേഖലയിലെ ഭൂരിപക്ഷ മായ സിഹംള വിഭാഗക്കാര്‍ ആക്രമണത്തിനു മുതിരുകയുമുണ്ടായി. ഭീകരാക്രമണത്തിനു ശേഷം രാജ്യത്തെ ടൂറിസം മേഖല പാടേ തകരുകയും സാമ്പത്തിക പ്രതിസന്ധി രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.

1.63 കോടി ജനങ്ങളുടെ സമ്മതിദാനാവകാശം നടക്കുന്ന തെരഞ്ഞെുപ്പില്‍ 35 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മുന്‍പ്രതിരോധ മധോവി ഗൊതബായ രജ്പക്‌സെയും നിലവിലെ റനില്‍ വിക്രമസിംഗയുടെ മന്ത്രിസഭാംഗമായ സജിത് പ്രേമദാസും തമ്മിലാണ് പ്രധാനപോരാട്ടം.

ഈസ്റ്റര്‍ ദിനത്തിലുണ്ടായ ആക്രമണത്തിനുകാരണം സര്‍ക്കാരിന്റെ സുരക്ഷവീഴ്ചയാണ് എന്ന ആരോപണം നിലനില്‍ക്കുന്നതിനാല്‍ സജിത് പ്രേമദാസിന് വിജ സാധ്യത കുറവാണ്. സൈനിക മേധാവിയായ ശരത് ഫൊന്‍സെകയെ രാജ്യത്തിന്റെ സുരക്ഷാ ചുമതല ഏല്‍പ്പിക്കുമെന്നാണ് സജിത്തിന്റെ പ്രധാന വാഗ്ദാനം. യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ് സജിത്ത് മത്സരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍ പ്രസിഡന്റ് മഹീന്ദ്ര രജപക്‌സെയുടെ സഹോദരനാണ് സജിത്തിന്റെ എതിരാളിയായ ഗോതബായ രജ്പക്‌സെ.തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത കല്‍പ്പിക്കപ്പെടുന്നതും ഇദ്ദേഹത്തിനാണ്. 2006 ലെ ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തില്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന ഗോതബായ തമിഴ് വംശജര്‍ക്കു നെരെ ക്രൂരമായ സൈനികാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് എന്നാണ് പ്രധാന ആരോപണം. എന്നാല്‍ രാജ്യത്തെ ഭൂരിപക്ഷ വിഭാഗമായ സിംഹളര്‍ പൊതുവെ ഇദ്ദേഹത്തിനുകൂലവുമാണ്. നിലവിലെ ഭീകരാക്രമണ വിഷയവും ഗോതബായയെ തുണച്ചേക്കും. ശ്രീലങ്കന്‍ പീപ്പിള്‍സ് ഫ്രണ്ട് പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ് ഇദ്ദേഹം മത്സരിക്കുന്നത്.

പോളിംഗ് പൂര്‍ത്തിയായതിനു തൊട്ടു പിന്നാലെ വോട്ടിംഗ് ആരംഭിക്കും. മൂന്ന് സ്ഥാനാര്‍ഥികള്‍ക്ക് മുന്‍ഗണനാ വിഷയത്തില്‍ വോട്ട് ചെയ്യാം. 50 ശതമാനത്തിലേറെ പേര്‍ ആദ്യം തെരഞ്ഞെടുക്കുന്ന വ്യക്തി വിജയിയാകും.