തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് 80:20 ആനുപാതം റദ്ദാക്കിയതിലൂടെ ഇതുവരെയുള്ളതില്‍ നിന്ന് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് 20 ശതമാനം വിഹിതം നഷ്ടമാകും. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതത്തിലെന്ന പുതിയ കോടതി വിധി നടപ്പാക്കുമ്പോള്‍ 18.3 ശതമാനമുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ വിഹിതം ലഭിക്കുകയും അവരുടെ വിഹിതം 40 ശതമാനമായി ഉയരുകയും ചെയ്യും.
കോടതി വിധിക്ക് പിന്നാലെയുള്ള സര്‍ക്കാരിന്റെ തീരുമാനത്തോടെ ഇനിയുള്ള ആനുപാതം 60:40 എന്ന വിഹിതത്തിലാകും. പുതിയ മന്ത്രിസഭാ തീരുമാനമനുസരിച്ച് മുന്നോക്ക ക്ഷേമ സ്‌കോളര്‍ഷിപ്പിനും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിനും മുന്നോക്ക ക്രൈസ്തവ വിഭാഗങ്ങള്‍ ഒരേസമയം അര്‍ഹരാകുന്ന സ്ഥിതിവിശേഷവുമുണ്ടാകും. ഉയര്‍ന്ന തുക ലഭിക്കുന്ന സ്‌കോളര്‍ഷിപ്പാണ് നിലവില്‍ മുന്നോക്ക സമുദായ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്.
അതേസമയം, നിലവിലുള്ള എണ്ണത്തിലോ തുകയിലോ കുറവുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സ്‌കോളര്‍ഷിപ്പിന് 6.2 കോടി അധികമായി അനുവദിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.
80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍. ഈ അനുപാത റാദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയാണ് കഴിഞ്ഞ മെയ് 28ന് വന്നത്.