'അച്ഛനറിയാതെ ഇളയമ്മയെ പ്രാപിക്കുന്നവരാണ് ഖസാക്കിന്റെ ഇതിഹാസം, തെമ്മാടിത്തരങ്ങളുടെ കൂത്തരങ്ങാണ് എം.ടിയുടെയും തകഴിയുടെയും കഥകള്‍': അധിക്ഷേപവുമായി മതപ്രഭാഷകന്‍; വീഡിയോ
Kerala
'അച്ഛനറിയാതെ ഇളയമ്മയെ പ്രാപിക്കുന്നവരാണ് ഖസാക്കിന്റെ ഇതിഹാസം, തെമ്മാടിത്തരങ്ങളുടെ കൂത്തരങ്ങാണ് എം.ടിയുടെയും തകഴിയുടെയും കഥകള്‍': അധിക്ഷേപവുമായി മതപ്രഭാഷകന്‍; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd March 2018, 5:51 pm

 

കോഴിക്കോട്: മലയാളത്തിന്റെ മുതിര്‍ന്ന സാഹിത്യകാരന്‍മാരെ രൂക്ഷമായി വിമര്‍ശിച്ച് മതപ്രഭാഷകന്‍ റഹമത്തുല്ല ഖാസിമി. മുതിര്‍ന്ന സാഹിത്യകാരന്‍മാരായ എം.ടി വാസുദേവന്‍, ഒ.വി വിജയന്‍, തകഴി എന്നിവര്‍ക്കു നേരേയുളള ഖാസിമിയുടെ പ്രഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

ബത്തക്ക പരാമര്‍ശവുമായര്‍ത്തിയ ഫാറൂഖ് കോളേജ് അധ്യാപകന്‍ ജവഹര്‍ മുനവറിന്റെ സ്ത്രീവിരുദ്ധ പ്രസംഗം സൃഷ്ടിച്ച വിവാദങ്ങള്‍ക്ക് പിറകേയാണ് റഹ്മത്തുള്ളയുടെ പ്രഭാഷണം ചര്‍ച്ചാവിഷയമാകുന്നത്. കഴിഞ്ഞ റംസാന്‍ ദിനത്തിലാണ് റഹ്മത്തുള്ള ഇത്തരത്തിലൊരു മതപ്രഭാഷണം നടത്തിയത്.


ALSO READ: ‘സച്ചിനു പിച്ചിനെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞ കെ.സി.എയിലെ വിദ്വാന്‍ രാത്രി ഉറങ്ങുന്നത് അദ്ദേഹം ഉണ്ടാക്കിയ കട്ടിലിലാണു’; കെ.സി.എ സെക്രട്ടറിയ്‌ക്കെതിരെ എന്‍.എസ് മാധവന്‍


പിതാവറിയാതെ ഇളയമ്മയെ പ്രാപിക്കുന്ന അകമനസ്സാണ് ഒ. വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം. ശുദ്ധത്തെമ്മാടിത്തരങ്ങളുടെ കൂത്തരങ്ങാണ് എം.ടിയുടെ കാലവും അസുരവിത്തും, ഇതേ നിലവാരം പുലര്‍ത്തുന്നവയാണ് തകഴിയുടെ ചെമ്മീനും, കയറും എന്നാണ് റഹ്മത്തുളള ആരോപിക്കുന്നത്.

മലയാളത്തിന്റെ മികച്ച കൃതികളെയും സാഹിത്യകാരന്‍മാരെയുമാണ് പൊതുവേദിയില്‍ വച്ച് മതപ്രഭാഷകന്‍ അശ്ലീല സാഹിത്യമെന്ന നിലയില്‍ ആക്ഷേപിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി പലരും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരണം അറിയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഖാസിമിയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍;

മലയാളത്തിലെ സാഹിത്യങ്ങളെ നിരൂപിക്കാമെങ്കില്‍,അതിനൊരു വര വരക്കാമെങ്കില്‍ ഖസാക്കിന്റെ ഇതിഹാസത്തിന്റെ മുമ്പും പിമ്പും എന്നാണ് പറയേണ്ടത്. ലോകചരിത്രത്തിന്റെ ഗതിമാറ്റിയത് കുരിശ് സംഭവമാണെങ്കില്‍ അതുപോലെ മലയാളത്തിന്റെ ഗതി മാറ്റിയത് ഈ ഖസാക്കിന്റെ ഇതിഹാസമാണ് എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. എന്താ ഖസാക്കിന്റെ ഇതിഹാസത്തിന്റെ കഥ? അച്ഛന്റെ ഭാര്യ,അഥവാ ഇളയമ്മയെ അച്ഛനറിയാതെ പ്രാപിക്കുന്ന മനസ്സിന്റെ വൃത്തികെട്ട കഥയാണത്. ഞാന്‍ വിശദീകരിക്കുന്നില്ല, വിശുദ്ധ റമദാനാണ്, മഹാന്‍മാരൊക്കെ ഇരിക്കുന്ന സദസ്സാണ്, അതുകൊണ്ട് ഞാന്‍ വിശദീകരിക്കുന്നില്ല. എന്താ എം.ടിയുടെ അസുരവിത്ത്, എന്താ കാലം? തെമ്മാടിത്തരങ്ങളുടെ കൂത്തരങ്ങ്. എന്താ തകഴിയുടെ ചെമ്മീന്‍,കയറ്? കറുത്തമ്മയുടേയും പരീക്കൂട്ടിയുടേയും പാട്ട് പാടിയിട്ട് മലയാളികളുടെ നാവ് തേഞ്ഞിട്ടുണ്ട്. തെമ്മാടിത്തരത്തിന്റെ വസ്ത്രാക്ഷേപമാണ്. ഇതിലൊക്കെ എന്ത് ആവിഷ്‌കാരമാണ്? ഇങ്ങനെയാണ് ഖാസിമി മലയാളത്തിന്റെ മികച്ചകൃതികളെ അവഹേളിക്കുന്നത്.

ഇത്തരത്തില്‍ സാഹിത്യകൃതികളെയും സാഹിത്യകാരന്‍മാരെയും വിമര്‍ശിക്കുന്നതിനെതിരെ നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡീയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.