| Sunday, 4th September 2022, 2:19 pm

മുസ്‌ലിം പേരുകള്‍ തുടച്ചുനീക്കാന്‍ യോഗി ആദിത്യനാഥ്; വാര്‍ഡുകള്‍ വരെയെത്തി വിദ്വേഷ പദ്ധതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗൊരഖ്പൂര്‍: മുസ്‌ലിം പേരുള്ള വാര്‍ഡുകളെ പുനര്‍നാമകരണം ചെയ്ത് ഉത്തര്‍പ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജന്മനാടായ ഗൊരഖ്പൂരിലെ നിരവധി വാര്‍ഡുകളുടെ പേരാണ് മാറ്റിയത്. യോഗി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നേരത്തെ പല സ്ഥലങ്ങളുടെയും പേരുകള്‍ മാറ്റിയതിന്റെ തുടര്‍ച്ചയാണ് ഈ സംഭവവും.

ഗൊരഖ്പൂര്‍ മുന്‍സിപ്പില്‍ കോര്‍പറേഷന്‍ പുറത്തുവിട്ട പുതിയ അതിര്‍ത്തി നിര്‍ണയ രേഖകളിലാണ് വാര്‍ഡുകളുടെ പേര് മാറ്റിയതിന്റെ വിവരങ്ങളും ഉള്‍പ്പെട്ടിരിക്കുന്നത്.

മുഹമ്മദ്പൂര്‍, മിയാന്‍ ബസാര്‍, അലി നഗര്‍, തുര്‍ക്ക്‌മെന്‍പൂര്‍, ഇസ്മായില്‍പൂര്‍, റസൂല്‍പൂര്‍, ഹൂമയൂണ്‍പൂര്‍, ദാവൂദ് പൂര്‍, സഫ്ര ബസാര്‍, ഇലാഹി ബാഗ്, ഖാസിപൂര്‍ കുര്‍ദ് തുടങ്ങിയ വാര്‍ഡുകളുടെ പേരാണ് മാറ്റിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ രേഖകളെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇലാഹി ബാഗിന്റെ പേര് ബന്ധു സിംഗ് നഗര്‍ എന്നും ഇസ്മായില്‍ പൂര്‍ സഹബ്ഗഞ്ച് എന്നും ജഫ്ര ബസാര്‍ ആത്മ രാം നഗര്‍ എന്നുമെല്ലാമായാണ് മാറ്റിയിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ നടപടിയുമായി ബന്ധപ്പെട്ട എതിര്‍പ്പുകള്‍ ഒരാഴ്ചക്കുള്ളില്‍ അറിയിക്കാമെന്നും അതിനുശേഷം ഒരു പരാതിയും സ്വീകരിക്കുന്നതല്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. ആളുകളെ ധ്രുവീകരിക്കുന്നതിനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാണിക്കുന്നത്.

Content Highlight: ‘Muslim-sounding’ names of Gorakhpur wards changed

Latest Stories

We use cookies to give you the best possible experience. Learn more