| Thursday, 21st November 2019, 6:55 pm

ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ മുസ്‌ലിം അധ്യാപകന്‍ നാട്ടിലേയ്ക്ക് മടങ്ങി; അധ്യാപകനെ പിന്തുണച്ച് വിദ്യാര്‍ഥി പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ മുസ്‌ലീം അധ്യാപകന്‍ നാട്ടിലേയ്ക്ക് മടങ്ങി. മുസ്‌ലിം പ്രൊഫസര്‍ സംസ്‌കൃതം പഠിപ്പിക്കേണ്ടന്നാവശ്യപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകാരായ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ സമരരംഗത്തെത്തിയതിനെ തുടര്‍ന്നാണ് സര്‍വകലാശാലയില്‍ സംസ്‌കൃതം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ച ഡോ. ഫിറോസ് ഖാന്‍ ജന്മനാടായ ജയ്പൂരിലെ ബഗാരുവിലേക്ക് മടങ്ങിയത്.

ഫിറോസ് ഖാന്റെ നിയമനം റദ്ദാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. നവംബര്‍ ഏഴിന് ജോലിയില്‍ പ്രവേശിച്ച ഫിറോസിന് വിദ്യാര്‍ഥി സമരം മൂലം ക്ലാസെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

അതേസമയം, ഫിറോസ് രാജിവെച്ചിട്ടില്ലെന്ന് എസ്.വി.ഡി.വി ഡീന്‍ വിന്ദേശ്വരി മിശ്ര വ്യക്തമാക്കി. ‘ഫിറോസ് ഖാന്‍ രജിസ്ട്രാര്‍ ഓഫിസിലെത്തി ചുമതലയേറ്റ ശേഷം സര്‍വകലാശാലയിലേക്ക് വന്നിട്ടില്ല. അദ്ദേഹം ജന്മനാട്ടിലേക്ക് മടങ്ങിയത് സംസ്‌കൃത വിഭാഗം മേധാവിയാണ് അറിയിച്ചത്’- ഡീന്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫിറോസ് ഖാനെ പിന്തുണച്ചും വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നുണ്ട്. എന്‍.എസ്.യു.ഐ, യൂത്ത് ഫോര്‍ സ്വരാജ്, എ.ഐ.എസ്.എ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് സമരം നടക്കുന്നത്.

‘ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട് ഡോ. ഫിറോസ് ഖാന്‍’ എന്നെഴുതിയ ബാനറുമായി വിദ്യാര്‍ഥികള്‍ സര്‍വകലാശാലയുടെ ലങ്ക ഗേറ്റ് മുതല്‍ രവിദാസ് ഗേറ്റ് വരെ ‘ശാന്തി മാര്‍ച്ച്’ നടത്തി. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

‘ബി.എച്ച്.യുവിലെ എല്ലാ വിദ്യാര്‍ഥികളും ഡോ. ഫിറോസ് ഖാന് എതിരാണെന്ന തെറ്റായ സന്ദേശമാണ് പ്രചരിക്കുന്നത്. സമരം നടത്തുന്ന ജാതിചിന്തയുള്ള പത്തോ ഇരുപതോ വിദ്യാര്‍ഥികള്‍ അല്ല ബി.എച്ച്.യുവിനെ പ്രതിനിധീകരിക്കുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. അനാവശ്യ സമരം നടത്തുന്നവര്‍ സദ്ബുദ്ധി വീണ്ടെടുത്ത് ക്ലാസിലേക്ക് മടങ്ങണം’ എന്‍.എസ്.യു.ഐ പ്രവര്‍ത്തകന്‍ വികാസ് സിങ് പറഞ്ഞു.

2017ല്‍ സര്‍വകലാശാല ലൈബ്രറി 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ ഒമ്പത് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇപ്പോള്‍ 13 ദിവസമായി ക്ലാസുകള്‍ നഷ്ടപ്പെടുത്തി സമരം ചെയ്യുന്നവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

എന്തുകൊണ്ടാണ് തന്റെ നിയമനത്തിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് ഫിറോസ് നേരത്തെ പറഞ്ഞിരുരുന്നു. പെട്ടെന്ന് എങ്ങനെയാണ് എന്റെ മത സ്വത്വം ഇത്രവലിയ പ്രശ്നമായി മാറിയതെന്ന് അറിയില്ലെന്നും ഫിറോസ് പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഞാന്‍ രണ്ടാം ക്ലാസ്സ് തൊട്ട് സംസ്‌കൃതം പഠിക്കാന്‍ തുടങ്ങിയതാണ്. എന്റെ പ്രദേശമായ ബാഗ്രുവില്‍ 30 ശതമാനം മുസ്‌ലീങ്ങള്‍ ആയിട്ടു പോലും പ്രദേശത്തുള്ള മൗലവികളോ സമൂഹത്തിലെ മറ്റുള്ളവരോ ആരും തന്നെ ഇത് ചൂണ്ടിക്കാട്ടിയിട്ടില്ല. വാസ്തവത്തില്‍ സംസ്‌കൃതം അറിയുന്നത് പോലെ എനിക്ക് ഖുറാനറിയില്ല. ഒരു മുസ്ലിം ആയിരുന്നിട്ടുപോലും സംസ്‌കൃതത്തിലെ എന്റെ അറിവിനെ പ്രദേശത്തുള്ള ഹിന്ദുപുരോഹിതന്മാര്‍വരെ പ്രശംസിച്ചിട്ടുണ്ട്.

സംസ്‌കൃത സാഹിത്യം പഠിപ്പിക്കുന്നതിന് മതവുമായി യാതൊരു ബന്ധവുമില്ല. സംസ്‌കൃത സാഹിത്യത്തിന്റെ സാങ്കേതികതകളാണ് നമ്മള്‍ പഠിക്കുന്നത്. അഭിജ്ഞാന ശാകുന്തളം ഉത്തരരാമചരിതം, രഘുവംശ മഹാകാവ്യം അല്ലെങ്കില്‍ ഹര്‍ഷചരിതം ഒന്നിനുംതന്നെ മതപരമായി ബന്ധമില്ല ഫിറോസ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more