| Thursday, 3rd April 2025, 4:50 pm

കെട്ട കാലത്തെ മുസ്‌ലിം പ്രാതിനിധ്യമെന്നാല്‍ റീല്‍സും കിഞ്ചന വര്‍ത്തമാനവും; വഖഫ് ബില്ലില്‍ ഷാഫി പറമ്പിലിനെതിരെ സത്താര്‍ പന്തല്ലൂര്‍; പ്രിയങ്കക്കും വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിലെ പാര്‍ലമെന്റ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എം.പിമാരായ ഷാഫി പറമ്പിലിനും പ്രിയങ്ക ഗാന്ധിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ വഖഫ് ബില്ലിനെതിരെ ശക്തമായി പ്രതികരിച്ചപ്പോള്‍ കേരളത്തിലെ മുസ്‌ലിം സമുദായ പ്രതിനിധിയായി കോണ്‍ഗ്രസ് നല്‍കിയ ടിക്കറ്റില്‍ ജയിച്ച ഷാഫി പറമ്പില്‍ ഒന്നും ചെയ്തില്ലെന്ന് സത്താര് പന്തല്ലൂര്‍ വിമര്‍ശിച്ചു.

ഇഖ്‌റാ ചൗധരിയെയും, ഇമ്രാനെയും, ഉവൈസിയെയൊന്നും മാതൃകയാക്കിയില്ലെങ്കിലും മണിപ്പൂര്‍ വിഷയത്തില്‍ ഡീന്‍ കുര്യാക്കോസും  ഹൈബി ഈഡനുമൊക്കെ കാണിച്ച നട്ടെല്ല് ഇടക്കൊക്കെ വായ്പ കിട്ടുമോ എന്ന് ഷാഫി അന്വേഷിക്കണമെന്ന് സത്താര്‍ പന്തല്ലൂര്‍ പരിഹസിച്ചു.

കെട്ട കാലത്തെ മുസ്‌ലിം പ്രാതിനിധ്യമെന്നാല്‍ റീല്‍സും കിഞ്ചന വര്‍ത്തമാനവും, ബാലന്‍സ് കെ നായര്‍ ഉഡായിപ്പുകളുമല്ലെന്നും സത്താര്‍ പറയുകയുണ്ടായി. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഉത്തരേന്ത്യന്‍ മുസ്‌ലിം സമൂഹം കഴിഞ്ഞ ഒമ്പത് നൂറ്റാണ്ടുകളായി ആര്‍ജിച്ച പൈതൃക മൂലധനമാണ് സംഘി ഭരണം കൊത്തിവലിക്കാന്‍ ഒരുമ്പെടുന്നതെന്ന മുഖവുരയോട് കൂടിയാണ് സത്താര്‍ തന്റെ കുറിപ്പ് ആരംഭിച്ചത്.

288 നെതിരെ 232 വോട്ടുകള്‍ നേടി വഖഫ് ബില്‍ ലോക്‌സഭ പാസാക്കിയെങ്കിലും ഗൗരവ് ഗൊഗോയും, കെസി വേണുഗോപാലുമടങ്ങിയ കോണ്‍ഗ്രസ് നേതൃനിരയും ഇന്ത്യമുന്നണിയും ലോകസഭയില്‍ കാണിച്ച പോരാട്ട വീര്യം എടുത്തു പറയേണ്ടതാണെന്ന് സത്താര്‍ പന്തല്ലൂര്‍ ചൂണ്ടിക്കാട്ടി. മതേതര ഇന്ത്യയില്‍ പ്രതീക്ഷ അവസാനിച്ചിട്ടില്ല എന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014 വരെ ന്യൂനപക്ഷ വിഷയങ്ങളില്‍ ഏകോദര സഹോദരങ്ങളെ പോലെ മുന്നോട്ടു പോയവരാണ് കേരളത്തിലെ മുസ്‌ലിം- ക്രൈസ്തവ സമുദായങ്ങള്‍. എന്നാല്‍ മോദിയുടെ രണ്ടാമൂഴത്തിനു ശേഷം സംഘികളുടെ മുസ്‌ലിം വിരുദ്ധ കോറസ് ഏറ്റുപാടാന്‍ സീറോമലബാര്‍ സഭ ആരംഭിച്ചെന്നും ഹോളോകോസ്റ്റിനും ജൂത ഉന്‍മൂലത്തിനും ഹിറ്റ്‌ലര്‍ക്കൊപ്പം നിന്ന ചരിത്രമുള്ളവരാണ് കത്തോലിക്ക സഭയെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘ഹോളോകോസ്റ്റിനും ജൂത ഉന്‍മൂലത്തിനും ഹിറ്റ്‌ലര്‍ക്കൊപ്പം നിന്ന ചരിത്രമുള്ളവരാണ് കത്തോലിക്ക സഭ. സ്വാതന്ത്ര്യപൂര്‍വ്വ കാലത്ത് ബ്രിട്ടീഷ് വിധേയരായിരുന്ന അവരുടെ നിലപാടുകള്‍ സ്വാതന്ത്ര്യ സമരത്തെ ദുര്‍ബലപ്പെടുത്തിയില്ല എന്നതു പോലെ പുതിയ ഫാസിസ്റ്റ് വിരുദ്ധസമരത്തിനും അത് ഭീഷണിയാവില്ല. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസിനു പിന്നില്‍ പാറ പോലെ ഉറച്ചുനിന്നവര്‍ ഇന്ന് അവരെ കയ്യൊഴിയാന്‍ കാരണങ്ങള്‍ തേടുകയാണ്.

സഭയുടെ അവസരവാദം വിശ്വാസികളെ പൂര്‍ണമായി ബാധിച്ചിട്ടില്ല. ഈ വിടവ് നികത്താന്‍ ഏഷ്യാനെറ്റ് മുണ്ടു മുറുക്കുന്നുണ്ട്. മുനമ്പം വിഷയം കാരണമാണ് വഖഫ് ബില്‍ ഉണ്ടായത് എന്നുവരെ തീവ്ര വലതുപക്ഷ ഡീപ്‌സ്റ്റേറ്റിന്റെ മലയാള സംപ്രേഷണം വാദിക്കുന്നുണ്ട്,’ സത്താര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ എന്‍.കെ പ്രേമചന്ദ്രനും, ഹൈബി ഈഡനും, ഇ.ടി മുഹമ്മദ് ബഷീറുമൊക്കെ സഭയില്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് സുദായാംഗങ്ങള്‍ എന്നും നന്ദിയുള്ളവരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പക്ഷെ സുപ്രധാനബില്‍ അവതരണ വേളയില്‍ കോണ്‍ഗ്രസ് വിപ്പ് പോലും കാറ്റില്‍ പറത്തി സഭയില്‍ നിന്നു വിട്ടുനിന്ന പ്രിയങ്ക ഗാന്ധി നിരാശപ്പെടുത്തിയെന്നും രാജ്യത്തെ സംഘപരിവാര്‍ വിരുദ്ധ പോരാട്ടം നയിക്കാനാണ് വയനാട് അവര്‍ക്ക് നാലര ലക്ഷം ഭൂരിപക്ഷം നല്‍കിയതെന്നും സത്താര്‍ ഓര്‍മപ്പെടുത്തി.

തത്തമ്മേ പൂച്ച എന്ന മട്ടില്‍ പെരുന്നാള്‍ ആശംസ പറഞ്ഞാല്‍ 48% മുസ്‌ലിം വോട്ടുള്ള വയനാടിനു തൃപ്തിയാകും എന്നാണ് ധാരണയെങ്കില്‍ അത് ഭോഷ്‌കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlight: Muslim representation in the past means reels and gossip; Sathar panthaloor against Shafi Parambil on Waqf Bill; Criticism also for Priyanka Gandhi

We use cookies to give you the best possible experience. Learn more