ലോക്‌സഭയിലേക്ക് പോകുന്നത് വെറും 27 മുസ്‌ലിം എം.പിമാര്‍; ബി.ജെ.പിയില്‍ നിന്ന് ഈ വര്‍ഷവും ആരുമില്ല
D' Election 2019
ലോക്‌സഭയിലേക്ക് പോകുന്നത് വെറും 27 മുസ്‌ലിം എം.പിമാര്‍; ബി.ജെ.പിയില്‍ നിന്ന് ഈ വര്‍ഷവും ആരുമില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th May 2019, 10:11 pm

ന്യൂദല്‍ഹി: 17ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലേക്ക് പോകുന്നത് വെറും 27 മുസ്‌ലിം എം.പിമാര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് എം.പിമാരുടെ മാത്രം വര്‍ധനവ്. ഇതില്‍ ഏറിയ പങ്കും ത്രിണമൂല്‍ കോണ്‍ഗ്രസിന്റേയും, കോണ്‍ഗ്രസ് സഖ്യകക്ഷികളുടേയും എം.പിമാരാണ്. 543 സീറ്റുകളില്‍ 303 സീറ്റുകളും നേടിയ ബി.ജെ.പിയിലെ മുസ്‌ലിം എം.പിമാരുടെ എണ്ണം, പൂജ്യം.

ജനസംഖ്യയുടെ 10.4 ശതമാനം മുസ്‌ലിംങ്ങളുള്ള ഇന്ത്യയില്‍, പാര്‍ലമെന്റില്‍ മുസ്‌ലിംങ്ങള്‍ക്ക് ലഭിക്കുന്നത് 4.42 ശതമാനം പ്രാതിനിധ്യം മാത്രമാണ്. അഥവാ 15 കോടി മുസ്‌ലിംങ്ങളെ പാര്‍ലമെന്‍റില്‍  പ്രതിനിധീകരിക്കുന്നത് 27 പേര്‍.

അതേസമയം, അയല്‍രാജ്യമായ ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് 8.8 ശതമാനം പ്രാതിനിധ്യം ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്ക ലഭിക്കുന്നത് 2.9 ശതമാനം പ്രാതിനിധ്യം മാത്രമാണ്.

രാജ്യത്ത് ഏറ്റവും അധികം മുസ്‌ലിം എം.പിമാരുടെ പ്രാതിനിധ്യം ഉണ്ടായിരുന്നത് 1980തിലാണ്. 49 മുസ്‌ലിം എം.പിമാരായിരുന്നു 1980ല്‍ പാര്‍ലമെന്റില്‍ അംഗങ്ങളായുണ്ടായിരുന്നത്.

2014ലും ബി.ജെ.പിക്ക് ഒരു മുസ്‌ലിം എം.പി പോലും ഉണ്ടായിരുന്നില്ല. ആറു മുസ്‌ലിം സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്.

രാജ്യത്ത് ഏറ്റവും അധികം മുസ്‌ലിംങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ആറ് എം.പിമാരാണ് സമുദായത്തില്‍ നിന്നുള്ളത്. 2014ല്‍ ഒരു മുസ് ലിം എം.പി പോലും ഉത്തര്‍പ്രദേശില്‍ നിന്നുണ്ടായിരുന്നില്ല.

മുസ്‌ലിം ജനസംഖ്യ അധികമായുള്ള മറ്റൊരു സംസ്ഥാനമായ പശ്ചിമ ബംഗാളില്‍ ത്രിണമൂലിന്റെ അഞ്ചും കോണ്‍ഗ്രസിന്റെ ഒന്നും മുസ്‌ലിം എം.പിമാരാണ് പാര്‍ലമെന്റിലേക്ക് പോകുന്നത്. മുസ് ലിം ഭൂരിപക്ഷ സംസ്ഥാനമായി ജമ്മു കാശ്മീര്‍ 3 എം.പിമാരെയാണ് പാര്‍ലമെന്റിലേക്കയക്കുന്നത്. ബിഹാറില്‍ നിന്ന് നാലും, കേരളത്തില്‍ നിന്നും ആസാമില്‍ നിന്നും രണ്ടും മുസ് ലിം എ.പിമാരും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലക്ഷദ്വീപിലെ ഏക സീറ്റില്‍ ജയിച്ചത് എന്‍.സി.പിയുടെ മുഹമ്മദ് ഫൈസലാണ്.

പഞ്ചാബിലെ ഫാരിദ്‌കോട്ടില്‍ നിന്നും കോണ്‍ഗ്രസിന്റെ മുഹമ്മദ് സാദിഖാണ് വിജയിച്ചത്. പഞ്ചാബില്‍ മുസ് ലിം ജനസംഖ്യം വെറും 1.6 ശതമാനം മാത്രമാണെന്നത് ശ്രദ്ധേയമാണ്. അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം രണ്ടു എം.പിമാരെ പാര്‍ലിമെന്റിലേക്കയക്കുന്നുണ്ട്.