“പെണ്‍കുട്ടികള്‍ ഇറച്ചിക്കോഴികളല്ല. മതസംഘടന നേതാക്കള്‍ പ്രസ്താവന പിന്‍വലിക്കുക”- എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രസ്താവനകളിറക്കിയ നേതാക്കളുടെ പ്രതീകാത്മക കോലം കത്തിച്ചത്. ഇന്ന് നടന്നത് സ്വാഭാവിക പ്രതികരണമാണെന്നും സ്ത്രീകളുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സംഘടനാ നേതാക്കളുടെ ഇടപെടലുണ്ടായാല്‍ യോജിച്ചുള്ള പ്രക്ഷോഭത്തിന് നേതൃത്വത്തിലുള്ളവര്‍ സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും കൂട്ടായ്മ വ്യക്തമാക്കി.
ശൈശവവിവാഹം ക്രിമിനല്‍ കുറ്റമായ രാജ്യത്ത് കേരളത്തില്‍ അതിനെ നിയമവിധേയമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിച്ചിട്ടും മതപൗരോഹിത്യം പ്രസ്താവനകളുമായി വരുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിക്കാനാവില്ലെന്നും അത് സ്ത്രീകളുടെ അവകാശങ്ങളെ ഇല്ലാതാക്കുന്നതാണെന്നും മതനേതാക്കളുടെ കോലം കത്തിച്ചുകൊണ്ട് മുസ്ലീം സ്ത്രീകളുടെ കൂട്ടായ്മ വ്യക്തമാക്കി.
ശരീരവളര്‍ച്ച മാനദണ്ഡമായെടുത്ത് പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കുന്നതിനോട് യോജിക്കാനാവില്ല. പെണ്ണ് പുറം ലോകം കാണാന്‍ പാടില്ലെന്നും ഉന്നതവിദ്യാഭ്യാസം നേടാന്‍ പാടില്ലെന്നും ആഗ്രഹിക്കുന്നവരാണ് മതപൗരോഹിത്യം. വിദ്യാഭ്യാസം നേടി തങ്ങളുടെ അവകാശത്തെ കുറിച്ചും വ്യക്തിത്വത്തെ കുറിച്ചും ബോധമുള്ള പെണ്‍കുട്ടികള്‍ തങ്ങളുടെ നേതൃത്വത്തെ ചോദ്യം ചെയ്യുമോ എന്ന ഭയമാണ് ഇത്തരം പ്രസ്താവനകളിറക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിക്കുന്നതെന്ന് അഡ്വ. സീനത്ത് പറഞ്ഞു.
ഉഭയകക്ഷി സമ്മതപ്രകാരം ലൈഗികബന്ധത്തിലേര്‍പ്പെടുന്നതിന് പ്രായപരിധി പതിനാറ് വയസാക്കി കുറക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ ഉയര്‍ത്തിക്കാട്ടിയാണ് മതനേതൃത്വം രംഗത്ത് വന്നിരിക്കുന്നത്. മത-രാഷ്ട്രീയ നേതൃത്വത്തിലുള്ളവരെ ബലാത്സംഗക്കേസുകളില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ വേണ്ടിയാണ് ഈ നിയമപരിഷ്‌കരണത്തിന് ശ്രമിക്കുന്നതെന്നും ഇതേ നിയമം മുന്നോട്ട് വെച്ച് നേതൃത്വം മുന്നിട്ടിറങ്ങിയത് അപമാനകരമാണെന്നും കൂട്ടായ്മ വ്യക്തമാക്കി. പ്രതിഷേധ കൂട്ടായ്മക്ക് അഡ്വ. സീനത്ത്. വി.പി റജീന, ഇ സാജിദ എന്നിവര്‍ നേതൃത്വം നല്‍കി.
അഖിലേന്ത്യ ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ##കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍, എസ്.വൈ.എസ് ഇ.കെ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍, ##ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഇസ്ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ തുടങ്ങിയ സംഘടനാ നേതാക്കളാണ് വിവാഹത്തിന് പ്രായപരിധി നിശ്ചയിക്കരുതെന്ന് വ്യക്തമാക്കിയത്.