| Monday, 25th July 2016, 7:50 pm

അബ്ദുള്‍ കാലാമിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനെതിരെ മുസ്‌ലിം സംഘടന രംഗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാമേശ്വരം: അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനെതിരെ മുസ്‌ലീം സംഘടനയായ ജമാഅത്തുള്‍  ഉലമ രംഗത്ത്. പ്രതിമ സ്ഥാപിക്കുന്നത് മുസ്‌ലിം ശരീയത്തിനെതിരാണെന്നാണ് ജമാഅത്തുള്‍  ഉലമ  ആരോപിക്കുന്നത്. അദ്ദേഹത്തിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് രാമേശ്വരത്ത് പ്രതിമ സ്ഥാപിക്കുന്നതിനെതിരെയാണ് പ്രതിഷേധം. ഇസ്ലാം ബിംബാരാധനയ്‌ക്കെതിരാണെന്ന വാദമാണ് ഇതിനായി അവര്‍ നിരത്തുന്നത്.

അബ്ദുള്‍ കലാമിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് പകരം അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണ് വേണ്ടത്. യുവാക്കളെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ച വ്യക്തിയാണ് കലാം. അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച് അത് രാജ്യത്തിന് വേണ്ടി പ്രയോജനപ്പെടുത്തണമെന്നും ജമാഅത്തുള്‍  ഉലമ ഭാരവാഹികള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതം വരച്ച് കാട്ടുന്ന മ്യൂസിയങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ പണികഴിയ്ക്കണം. തങ്ങളുടെ തീരുമാനങ്ങള്‍ കലാമിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

7 അടി ഉയരമുള്ള വെങ്കലത്തില്‍ തീര്‍ത്ത പ്രതിമ ജൂലൈ 27 ന് അനാച്ഛാദനം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. നടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more