ആഘോഷങ്ങള്‍ പ്രകൃതിയോടു ചേര്‍ന്നാകണം; ബക്രീദ് ദിനത്തില്‍ കശാപ്പിനു പകരം ആടിന്റെ രൂപമുള്ള കേക്കു മുറിച്ച് ആര്‍.എസ്.എസ് മുസ്‌ലിം സംഘടന
national news
ആഘോഷങ്ങള്‍ പ്രകൃതിയോടു ചേര്‍ന്നാകണം; ബക്രീദ് ദിനത്തില്‍ കശാപ്പിനു പകരം ആടിന്റെ രൂപമുള്ള കേക്കു മുറിച്ച് ആര്‍.എസ്.എസ് മുസ്‌ലിം സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd August 2018, 7:00 pm

ലഖ്‌നൗ: ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി കന്നുകാലികളെ കശാപ്പു ചെയ്യുന്നതിനു പകരം കേക്കു മുറിച്ച് ആര്‍.എസ്.എസിന്റെ ഉപവിഭാഗമായ മുസ്‌ലിം രാഷ്ട്രീയ മഞ്ച്. ആടിന്റെ രൂപത്തിലുള്ള കേക്കു മുറിച്ചാണ് മഞ്ച് ലഖ്‌നൗവില്‍ ബക്രീദാഘോഷിച്ചത്. ധൂര്‍ത്തും ധാരാളിത്തവും മാറ്റിവച്ച് പാവപ്പെട്ടവരുടെയും പരാശ്രയമില്ലാത്തവരുടെയും ഉന്നമനത്തിനായി പരിശ്രമിക്കാന്‍ മുസ്‌ലിം സമൂഹത്തോട് ആവശ്യപ്പെടുന്നതായി മുസ്‌ലിം രാഷ്ട്രീയ മഞ്ച് നേതാക്കള്‍ മാധ്യമങ്ങളോടു പറഞ്ഞു.

ബക്രീദിന്റെ ത്യാഗസ്മരണയ്ക്കായി ആടിന്റെ രൂപത്തിലുള്ള കേക്കുകളോ ആടിന്റെ ചിത്രം പതിച്ച കേക്കുകളോ മുറിയ്ക്കുകയാണ് തങ്ങള്‍ ചെയ്തതെന്ന് സംഘടനയുടെ ദേശീയ നേതാവ് സയദ് ഹസന്‍ കൗസര്‍ പറഞ്ഞു.

കന്നുകാലികളെ കശാപ്പു ചെയ്യുന്നതിന് തങ്ങളെതിരാണെന്നോ അങ്ങിനെ ചെയ്യുന്നവരെ തങ്ങളെതിര്‍ക്കുന്നെന്നോ ഇതിനര്‍ത്ഥമില്ലെന്നും, മൃഗബലി പോലുള്ള ധാരാളിത്തം ഒഴിവാക്കിയാല്‍ അതിനുപയോഗിക്കുന്ന പണവും മറ്റു സൗകര്യങ്ങളും പട്ടിണിയും സാക്ഷരതയില്ലായ്മയും പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഉപയോഗിക്കാമെന്നു സൂചിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കൗസര്‍ വിശദീകരിക്കുന്നുണ്ട്.

 

Also Read: കേരളത്തില്‍ ഹിന്ദുക്കള്‍ 10% പോലുമില്ല: അവര്‍ ശിക്ഷയാണ് അര്‍ഹിക്കുന്നത്: ദേശീയതലത്തില്‍ വീണ്ടും വിഷം തുപ്പി സംഘപരിവാര്‍

 

തങ്ങളുടെ നീക്കം വലിയ തോതിലുള്ള സ്വാധീനം സമൂഹത്തിന്റെ നാനാ ഭാഗങ്ങളിലുള്ളവര്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ളതായും അദ്ദേഹം പറയുന്നു. സുന്നി സോഷ്യല്‍ ഫോറം തലവന്‍ രാജാ റയീസും ബക്രീദാഘോഷിച്ചത് സമാനമായ രീതിയിലാണെന്ന് കൗസര്‍ മാധ്യമങ്ങളോടു പറഞ്ഞു.

“കഴിഞ്ഞ വര്‍ഷങ്ങളിലായി ഇതേരീതിയിലാണ് ഞങ്ങള്‍ ബക്രീദ് ആഘോഷിക്കുന്നത്. മറ്റുള്ളവരു ഞങ്ങളുടെ പാത പിന്തുടരുന്നുവെന്നത് വലിയ പ്രചോദനം തരുന്നുണ്ട്. കന്നുകാലികളെ അറക്കാന്‍ വിമുഖതയുള്ളവരും മുസ്‌ലിങ്ങളാണ്. ഞങ്ങളും ഇസ്‌ലാമിക നിയമങ്ങള്‍ പിന്‍പറ്റുന്നവരാണ്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രകൃതിയ്ക്കിണങ്ങുന്ന രീതിയിലേക്ക് ആഘോഷങ്ങളെയും ആചാരങ്ങളെയും കൊണ്ടുവരാനാകണമെന്നാണ് സംഘടന ആഗ്രഹിക്കുന്നതെന്ന് മറ്റംഗങ്ങളും പറയുന്നു. മറ്റു മതവിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും, ക്രമസമാധാനപ്രശ്‌നങ്ങളില്ലാതെയുമാണ് ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നതെന്ന് ഉറപ്പുവരുത്താനായി സംസ്ഥാനസര്‍ക്കാര്‍ പ്രത്യേക ഉത്തരവുകളിട്ടിരുന്നു.