| Sunday, 29th December 2019, 10:07 am

'മണിനാദം മുഴങ്ങുന്ന ചര്‍ച്ചില്‍ നിന്ന് ബാങ്കുവിളി മുഴങ്ങി'; പൗരത്വ നിയമത്തിനെതിരെ കോതമംഗലം ക്രിസ്ത്യന്‍ പള്ളിമുറ്റത്ത് മഗ്‌രിബ് നമസ്‌കാരം- വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ വേറിട്ട പ്രതിഷേധം. കോതമംഗലം മാര്‍ത്തോമ ചെറിയപള്ളി മുറ്റത്ത് ഒത്തുകൂടി ഇസ്‌ലാം മത വിശ്വാസികള്‍ മഗ്‌രിബ് നമസ്‌കാരം നടത്തി. ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് നടത്തിയ പരിപാടിയിലായിരുന്നു മതസൗഹാര്‍ദം നിറഞ്ഞുനിന്ന ഈ പ്രതിഷേധം നടന്നത്.

മുസ്‌ലിം ലീഗ് നേതാവ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണു നമസ്‌കാരത്തിനു നേതൃത്വം നല്‍കിയത്. മൂവാറ്റുപുഴയില്‍ നിന്നാരംഭിച്ച സെക്കുലര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കിയത് പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാവ് മാത്യു കുഴല്‍നാടനായിരുന്നു.

കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം, യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്, സി.പി.ഐ.എം നേതാവ് എം.ബി രാജേഷ്, സുപ്രീം കോടതി അഭിഭാഷക ഇന്ദിരാ ജെയ്‌സിങ് എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തതായി മുനവ്വറലി തങ്ങളിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിഷേധ റാലി കോതമംഗലം ചെറിയ പള്ളിയുടെ സമീപത്തെത്തിയപ്പോള്‍ മഗ്‌രിബ് നമസ്‌കാരത്തിന്റെ സമയമായിരുന്നു. കൂടുതലാളുകള്‍ക്കു നമസ്‌കരിക്കാനുള്ള സ്ഥലം തേടിയപ്പോഴാണു പള്ളി അധികൃതര്‍ മുന്നോട്ടുവന്നത്. പ്രതിഷേധത്തില്‍ പങ്കെടുത്ത മുഴവനാളുകള്‍ക്കും നമസ്‌കരിക്കാനുള്ള സൗകര്യം പള്ളി അങ്കണത്തില്‍ ഒരുക്കിയിരുന്നു.

മണിനാദം മുഴങ്ങുന്ന ചര്‍ച്ചില്‍ നിന്ന് ബാങ്കുവിളി മുഴങ്ങിയെന്നും പള്ളിയിലെ ഫാദറാണു തങ്ങള്‍ക്ക് അംഗശുദ്ധി വരുത്താന്‍ വെള്ളം കൈകളിലേക്കൊഴിച്ചു തന്നതെന്നും മുനവ്വറലി ശിഹാബ് തങ്ങളുടെ പോസ്റ്റില്‍ പറയുന്നു. ഇതാണു കേരളമെന്നും നമ്മള്‍ അതിജീവിക്കുമെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.

സയ്യിദ് മുനവറലി ഷിഹാബ് തങ്ങള്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മതം മാനവികതയാണ്. സർവ്വ മതങ്ങളുടെയും അടിസ്ഥാനം സ്‌നേഹമാണെന്നു വീണ്ടും ബോധ്യമായ ഒരു ദിവസമായിരുന്നു ഇന്ന്. ശ്രീ മാത്യു കുഴൽ നാടൻ നേതൃത്വം നൽകുന്ന പ്രൊഫഷണൽ കോൺഗ്രസിന്റെ ബാനറിൽ സംഘടിക്കപ്പെട്ട സെക്കുലർ മാർച്ചായിരുന്നു വേദി.

വി.ടി ബൽറാം, പി.കെ ഫിറോസ്, എം.ബി രാജേഷ്, ഇന്ദിര ജയ്സിംഗ് തുടങ്ങിയ യുവജന നേതാക്കൾ മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലം വരെ എത്തിയപ്പോഴേക്കും നമസ്‌കാരത്തിന് സമയമായി. മണിനാദം മുഴങ്ങുന്ന ചർച്ചിൽ നിന്ന് ബാങ്കുവിളി മുഴങ്ങി. എനിക്ക് വുളൂ ചെയ്യാൻ അച്ചൻ വെള്ളം കൈക്കുമ്പിളിലേക്ക് ഒഴിച്ചു തരുമ്പോൾ ഹൃദയം സന്തോഷം കൊണ്ട് കുളിരണിഞ്ഞു. ശേഷം ജമാഅത്തായി ചർച്ചിൽ വെച്ച് തന്നെ ഞങ്ങൾ നിസ്‌കരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്തെ മുസ്‌ലിംകളെയാകെ അപമാനിച്ചു കൊണ്ട് കേന്ദ്ര മന്ത്രിസഭ പാസാക്കിയ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധ വേദി മതസൗഹാർദത്തിന്റെയും ഉൾക്കൊള്ളലിന്റെയും വേദിയായത് യാദൃശ്ചികമല്ല. നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന സ്‌നേഹത്തിന്റെ പ്രതിഫലനമാണത്. രാജ്യം ഇങ്ങനെത്തന്നെ തുടരണമെന്നാണ് ജനലക്ഷങ്ങൾ ആഗ്രഹിക്കുന്നത്.

സാന്ദർഭികമായി എനിക്ക് ഓർമ്മ വന്നത് ഖലീഫാ ഉമറിന്റെ ചരിത്രമാണ്. ജറുസലേമിലേക്ക് അനുയായികൾക്കൊപ്പം പോയപ്പോൾ നിസ്‌കാരത്തിന് ഒരു ചർച്ചിൽ അവർക്ക് സൗകര്യം ഏർപ്പെടുത്തിയിരുന്നു. തന്റെ അനുയായികൾ ആ ക്രിസ്ത്യൻ പളളിയുടെ വരാന്തയിൽ വെച്ച് നിസ്‌കരിക്കുകയും ഭാവിയിൽ ആരെങ്കിലും താൻ നിസ്‌ക്കരിച്ചതിന്റെ പേരിൽ ചർച്ചിന്റെ മേൽ അവകാശമുന്നയിച്ച് വരും എന്ന് ആശങ്കപെട്ടതിന്റെ പേരിൽ ഖലീഫാ ഉമർ കുറച്ചകലെ മാറി നിന്ന് നിസ്‌ക്കരിക്കുകയും ചെയ്തു എന്നാണ് ചരിത്രം.

പ്രിയരെ, സ്‌നേഹമാവട്ടെ നമ്മുടെ ആയുധം. ഐക്യമാവട്ടെ നമ്മുടെ പരിച. ഈ നാടിനെ നശിപ്പിക്കാൻ നാം അനുവദിച്ചു കൂടാ. നാം അതിജീവിക്കുക തന്നെ ചെയ്യും.

We use cookies to give you the best possible experience. Learn more