ന്യൂദല്‍ഹി: രാജ്യത്തെ മുസ്‌ലിം സ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് സുപ്രിം കോടതി സ്വമേധയാ കേസെടുത്ത് കേന്ദ്രത്തിന് നോട്ടീസ് നല്‍കി. വിവാഹം, ബഹുഭാര്യാത്വം, വിവാഹമോചനം എന്നീ കാര്യങ്ങളില്‍ വിവേചനം നേരിടുന്നു എന്ന ആരോപണത്തിലാണ് നോട്ടീസ് നല്‍കിയത്.
ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച് കേസ് പരിഗണിച്ച് കേന്ദ്ര സര്‍ക്കാരിനും ദേശീയ നിയമ സേവന അതോറിറ്റിക്കും നോട്ടീസ് അയക്കുകയായിരുന്നു. മുസ്‌ലിം വ്യക്തിനിയത്തില്‍ ഉള്‍പ്പെടുന്ന വിവാഹമോചനം സംബന്ധിച്ച വിഷയങ്ങളില്‍ ലിംഗ വിവേചനം പ്രകടമാണെന്നാരോപിച്ച് യുവതി നല്‍കിയ പരാതി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ ഈ നടപടി.
ഇന്ത്യന്‍ ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങള്‍ മുസ്‌ലിം വ്യക്തി നിയമങ്ങളാല്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടോ എന്നു നിരീക്ഷിക്കണമെന്നും ആറാഴ്ചയ്ക്കുള്ളില്‍ വിവരമറിയിക്കണമെന്നും കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മുസ്‌ലിങ്ങള്‍ക്കിടയിലെ ഏകപക്ഷീയമായിവിവാഹമോചനം, ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് പുനര്‍വിവാഹിതനാകല്‍, ഇവ മുസ്‌ലിം സ്ത്രീയുടെ അന്തസിനെ ഹനിക്കുന്നതാണെന്ന് സുപ്രം കോടതി മുന്‍പ് നിരീക്ഷിച്ചിരുന്നു. ഇത്തരം പ്രവണതകള്‍ ഇന്ത്യന്‍ ഭരണ ഘടനയുടെ 14, 15, 21 വകുപ്പുകള്‍ക്കും അന്താരാഷ്ട്ര ഉടമ്പടികള്‍ ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ക്കും വിരുദ്ധമാണോ എന്നാണ് കോടതി പരിശോധിക്കുന്നത്.
വിവേചനം സംബന്ധിച്ച പരാതികള്‍ പരിഗണിക്കുന്നതിനായുള്ള ബഞ്ച് രൂപീകരിക്കുന്നതിനും പൊതുതാത്പര്യ ഹര്‍ജി ഫയല്‍ചെയ്യാനും മുന്‍പ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിനോട് സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു.
അതേസമയം, ഹിന്ദു വിവാഹ നിയമ ഭേദഗതിയും ഉഭയ സമ്മതത്തോടെയുള്ള ക്രിസ്ത്യന്‍ വിവാഹമോചനത്തിന് രണ്ടു വര്‍ഷം കാത്തിരിക്കണമെന്ന നിയമഭേദഗതിയും ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്.
എന്നാല്‍ കോടതിയുടെ ഈ തീരുമാനത്തിനെതിരെ മുസ്‌ലിം പൗരോഹിത്യം രംഗത്തെത്തിയിട്ടുണ്ട്. മുസ്‌ലിം ഖുര്‍ആനില്‍ അധിഷ്ടിതമാണെന്നും അത് മാറ്റാന്‍ കോടതിക്കധികാരമില്ലെന്നും ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് നേതൃത്വം വ്യക്തമാക്കി.
സുപ്രികോടതിയുടെ ഈ ഇടപെടല്‍ കേന്ദ്രം തിരഞ്ഞെടുപ്പില്‍ ഏകസിവില്‍കോഡ് വാദമുയര്‍ത്താനായി ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ ഇന്ത്യയില്‍ ക്രിമിനല്‍ നിയമം എല്ലാ വിഭാഗങ്ങള്‍ക്കും ഒരുപോലെ ബാധകമാണെങ്കിലും വ്യതസ്ത മതവിഭാഗങ്ങള്‍ക്ക് അവരവരുടെ മതനിയമം പിന്തുടരാനുള്ള അവകാശമുണ്ട്.