| Wednesday, 5th August 2020, 1:28 pm

ഒരിക്കല്‍ സ്ഥാപിക്കപ്പെട്ടാല്‍ പള്ളിയെന്നും പള്ളിതന്നെ; നിയമവിരുദ്ധമായി അവകാശമൊഴിപ്പിച്ചാല്‍ അത് മാറില്ല: അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒരിക്കല്‍ സ്ഥാപിക്കപ്പെട്ട പള്ളി എന്നും പള്ളിയായിതന്നെ തുടരുമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. ശരീയത്ത് ഇങ്ങനെയാണ് പറയുന്നതെന്നും രാമക്ഷേത്ര നിര്‍മാണ ഭൂമീ പൂജാ ദിനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ ബോര്‍ഡ് പറഞ്ഞു.

നിയമവിരുദ്ധമായി അവകാശമൊഴിപ്പിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യം മാറുന്നില്ലെന്നും വ്യക്തി നിയമ ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. അയോധ്യയില്‍ ബാബറി മസ്ജിദിന്റെ ഭൂമിയില്‍ ഒരു ക്ഷേത്രത്തിന്റെ തറക്കല്ലിടലല്‍ കര്‍മം നടക്കുമ്പോള്‍ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അതിന്റെ ചരിത്രമായ നിലപാട് ആവര്‍ത്തിക്കുകയാണെന്നും വ്യക്തിനിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇസ് ലാമിക ശരീഅത്ത് നിയമം അനുസരിച്ച് ഒരു സ്ഥലത്ത് പള്ളിയുണ്ടാക്കിയാല്‍ അത് പള്ളിയായി തന്നെ തുടരുമെന്നും അതിനാല്‍ ബാബ്‌റി മസ്ജിദ് ഇന്നും പള്ളിതന്നെയാണെന്നും അത് എക്കാലത്തും ഒരു പള്ളിയായി തന്നെ തുടരുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

ബാബറി മസ്ജിദ് നിലനിന്നിടുത്ത് ക്ഷേത്രം പണിയാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധി അനീതിയാണെന്നും വ്യക്തിനിയമ ബോര്‍ഡ് അഭിപ്രായപ്പെട്ടു. പള്ളിക്കുള്ളില്‍ വിഗ്രഹം കൊണ്ട് വെച്ചതുകൊണ്ടോ പൂജ നടത്തിയതുകൊണ്ടോ ഏറെക്കാലം നമസ്‌കാരം വിലക്കിയതുകൊണ്ടോ പള്ളിയാണെന്ന അവസ്ഥയ്ക്ക് മാറ്റം വരുന്നില്ല. ഏതെങ്കിലും ഒരു ക്ഷേത്രമോ ഹിന്ദു ആരാധനാലയമോ തകര്‍ത്തുണ്ടാക്കിയതല്ല ബാബറി മസ്ജിദ് എന്ന നിലപാട് നവംബര്‍ ഒന്‍പതിന് സുപ്രീം കോടതി തന്നെ അംഗീകരിച്ചതാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്ത് കണ്ടെത്തിയെന്ന് പറയുന്ന അവശിഷ്ടങ്ങള്‍ പള്ളി നിര്‍മിക്കുന്നതിനും 400 വര്‍ഷങ്ങള്‍ക്ക് മുമ്പ് 12ാം നൂറ്റാണ്ടിലേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

1992 ഡിസംബര്‍ ആറിന് ബാബ്‌റി മസ്ജിദ് തകര്‍ത്തത് ഭരണഘടനാ വിരുദ്ധമായ ക്രിമിനല്‍ പ്രവൃത്തിയാണെന്നും സുപ്രീം കോടതി വിധിയിലുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more