ന്യൂദല്‍ഹി: മുത്തലാഖിനെതിരെ സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ പ്രതികരണവുമായി ഓള്‍ ഇന്ത്യാ മുസ്‌ലിം പെഴ്‌സണല്‍ ബോര്‍ഡ്. കോടതിവിധിയെ ബഹുമാനിക്കുന്നുവെന്നും ലീഗല്‍ കമ്മിറ്റി ഉത്തരവ് പഠിച്ചശേഷം ബോര്‍ഡ് എക്‌സിക്യൂട്ടീവിന് ആവശ്യമായ നിര്‍ദേശം നല്‍കുമെന്നും പെഴ്‌സണല്‍ ബോര്‍ഡ് അംഗം സഫരിയാബ് ജീലാനി പറഞ്ഞു.
മുത്തലാഖിനെതിരെ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തരുത്. അത് മൗലികാവകാശങ്ങളുടെ ലംഘനമാകും. ജീലാനി പറഞ്ഞു. വിധിയില്‍ മുന്നോട്ടുള്ള നടപടികള്‍ തീരുമാനിക്കുന്നതിനായി സെപ്റ്റംബര്‍ 10ന് ഭോപാലില്‍ എക്‌സിക്യൂട്ടീവ് മീറ്റിങ് ചേരുമെന്നും ജീലാനി വ്യക്തമാക്കി.
സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് മുത്തലാഖ് നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയിരുന്നത്. അഞ്ച് ജസ്റ്റിസുമാരില്‍ മൂന്ന് പേര്‍ മുത്തലാഖിന് എതിരായ നിലപാട് സ്വീകരിച്ചപ്പോള്‍ രണ്ടു പേര്‍ മുത്തലാഖ് മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഭാഗമാണെന്ന് പറയുകയായിരുന്നു. എന്നാല്‍ ഭൂരിപക്ഷ വിധിപ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണെന്നുള്ള വിധി പുറപ്പെടുവിക്കുകയായിരുന്നു.
ആറ് മാസത്തിനുള്ളില്‍ മുത്തലാഖിനെതിരെ നിയമനിര്‍മാണം നടത്തണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. പുതിയ നിയമം നിലവില്‍ വരുന്നതുവരെ ആറുമാസത്തേക്ക് മുത്തലാഖിനു വിലക്കേര്‍പ്പെടുത്തുകയും ആറുമാസത്തിനുള്ളില്‍ നിയമം വന്നില്ലെങ്കില്‍ വിലക്ക് തുടരാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.