ന്യൂദല്‍ഹി: മുസ്‌ലിം പള്ളികളിലെ സ്ത്രീപ്രവേശനം ഇസ്‌ലാം വിലക്കുന്നില്ലെന്ന് അഖിലേന്ത്യ മുസ്‌ലീം വ്യക്തിനിയമ ബോര്‍ഡ് അഭിഭാഷകന്‍ സഫര്‍യാബ് ജിലാനി. ചിലരുടെ തെറ്റായ നടപടികൊണ്ട് പള്ളിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടവരാണ് സുപ്രീം കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചതെന്നും സഫര്‍യാബ് ജിലാനി പറഞ്ഞു.
‘ഇസ്‌ലാം ഒരു പള്ളിയിലും സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നില്ല. ആരെങ്കിലും പ്രവേശനം തടഞ്ഞാല്‍ അത് ഇസ്‌ലാമിക വിരുദ്ധമാണ്. മക്കയിലും മദീനയിലും പോലും നിയന്ത്രണങ്ങള്‍ മാത്രമാണുള്ളത്’, ജിലാനി പറഞ്ഞു. കേസില്‍ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും ജിലാനി വ്യക്തമാക്കി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മുസ്ലിം പള്ളികളിലേക്ക് സ്ത്രീകള്‍ പ്രവേശിക്കുന്നതു സംബന്ധിച്ച ഹരജികള്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി വിശാല ബെഞ്ചിനു വിട്ടിരുന്നു. പുണെയില്‍ നിന്നുള്ള ദമ്പതികളായ യാസ്മീന്‍ സുബേര്‍ അഹമ്മദ് പീര്‍സാദെ, സുബേര്‍ അഹമ്മദ് പീര്‍സാദെ എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് 26-ന് സിവില്‍ റിട്ട് ഹരജി നല്‍കുകയായിരുന്നു.
പുണെയിലെ ബോപൊഡിയിലുള്ള മസ്ജിദില്‍ പ്രവേശനം അനുവദിക്കണമെന്ന് ഇമാമിന് യാസ്മീന്‍ കത്തു നല്‍കിയെങ്കിലും അനുകൂല മറുപടി ലഭിക്കാത്തതിനാല്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സുന്നി മസ്ജിദുകളില്‍ സ്ത്രീപ്രവേശനമില്ലാത്തതു ഭരണഘടനയുടെ 14, 15, 21, 25, 29 വകുപ്പുകളുടെ ലംഘനമാണിതെന്നു ഹരജിക്കാര്‍ വാദിച്ചു.
കഴിഞ്ഞ ഏപ്രില്‍ 16-നു ഹരജി പരിഗണിച്ചപ്പോള്‍ കേന്ദ്രത്തിനും കേന്ദ്ര വഖഫ് കൗണ്‍സിലിനും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനും ദേശീയ വനിതാ കമ്മീഷനും നോട്ടീസയക്കാന്‍ ജഡ്ജിമാരായ എസ്.എ ബോബ്ഡെ, എസ്. അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ച് വിധിയുടെ പശ്ചാത്തലത്തില്‍ മാത്രമാണു ഹരജി പരിഗണിക്കുന്നതെന്നും അന്നു കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്ഡെ, എസ്. അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ച് കഴിഞ്ഞ അഞ്ചിന് ഈ കേസ് പരിഗണിച്ചെങ്കിലും 10 ദിവസത്തേക്കു മാറ്റുകയായിരുന്നു.