| Thursday, 30th January 2020, 5:31 pm

പെണ്ണുങ്ങൾ പള്ളിയിൽ പോകുന്നത് തടയരുത്: മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ സുപ്രീം കോടതി സത്യവാങ്മൂലത്തിലെ പ്രസക്ത ഭാഗങ്ങൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുസ്‌ലിം സ്ത്രീകൾ പള്ളിയിൽ പോകാൻ പാടില്ലെന്നും വീട്ടിലിരിക്കണമെന്നും ഈ വിഷയത്തിൽ കോടതി ഇടപെടുന്നത് നാട്ടിൽ സമാധാന അന്തരീക്ഷം തകർക്കുമെന്നുമാണ് അടുത്തിടെ സമസ്‌ത നേതാവ് ആലിക്കുട്ടി മുസ്‌ലിയാർ അഭിപ്രായപ്പെട്ടത്. എന്നാൽ മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ടു ആലിക്കുട്ടി മുസ്‌ലിയാരും ഹൈദരലി ശിഹാബ് തങ്ങളും ഉൾപ്പടെ കേരളത്തിൽ നിന്നും ഏഴ് മത പണ്ഡിതർ അംഗങ്ങളായുള്ള അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ബുധനാഴ്ച്ച സുപ്രീം കോടതിയില്‍ ഇതിനു വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്.

വനിതകൾ പള്ളിയില്‍ പോകുന്നത് ഇസ്‌ലാം തടഞ്ഞിട്ടില്ലെന്നും അങ്ങനെ വിലക്കുന്ന ഫത്‌വകൾ അവഗണിക്കപ്പെടേണ്ടതാണെന്നുമാണ് ബോർഡ് സമർപ്പിച്ച എതിർ സത്യവാങ്മൂലം പറയുന്നത്.

ബോര്‍ഡ് സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിന്റെ പ്രസക്ത ഭാഗങ്ങള്‍: 

ഇസ്‌ലാമിന്റെ മതഗ്രന്ഥങ്ങള്‍ പ്രകാരവും മുസ്‌ലിങ്ങളുടെ കാലങ്ങളായുള്ള ആചാര വിശ്വാസ പ്രമാണങ്ങള്‍ പ്രകാരവും മുസ്‌ലിം സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നതും നമസ്‌കരിക്കുന്നതും അനുവദനീയമാണ്. അതായത്, മുസ്‌ലിം സ്ത്രീകള്‍ പള്ളിയില്‍ കയറുന്നതിനു യാതൊരു തടസ്സവുമില്ല.

പള്ളിയില്‍ പോകാനുള്ള അവകാശം ഉപയോഗപ്പെടുത്തണമോ വേണ്ടയോ എന്നുള്ളത് തീര്‍ത്തും അവളുടെ തീരുമാനമാണ്. അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് ഇതിനു വിരുദ്ധമായി ഒരു പ്രസ്താവനയും നടത്താന്‍ താല്പര്യപ്പെടുന്നില്ല.

എന്നാല്‍ ദിനേനയുള്ളതും വെള്ളിയാഴ്ചയുള്ളതുമായ നമസ്‌കാരങ്ങളില്‍ പുരുഷന്മാര്‍ നിര്‍ബന്ധമായും പങ്കെടുക്കണം എന്ന് പറയുന്ന കണിശത സ്ത്രീകളുടെ വിഷയത്തില്‍ ഇസ്‌ലാം നിഷ്‌കര്‍ഷിച്ചിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇസ്‌ലാമിക മതതത്വങ്ങള്‍ അനുസരിച്ചു സ്ത്രീകള്‍ക്ക് പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചാലും വീട്ടിലിരുന്നു നമസ്‌കാരത്തിലേര്‍പ്പെട്ടാലും ഒരേ പ്രതിഫലമാണ് ലഭിക്കുക.

മേല്‍പറഞ്ഞ വസ്തുതകള്‍ക്കു പിന്‍ബലമേകുന്ന ഹദീസുകള്‍ നോക്കാം:

ജമാ അത്ത് നമസ്‌കാരം സ്ത്രീകള്‍ക്ക് നിര്‍ബന്ധമില്ല

A) മതഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നതനുസരിച് സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രാര്ത്ഥിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കേണ്ടതില്ല. അതിനാലാണ് പ്രവാചകന്റെ സമയത്തു ഉണ്ടായിരുന്നത് പോലെ സ്ത്രീകള്‍ കൂട്ടമായി പള്ളികളില്‍ ഇക്കാലത്തു ഒത്തുചേരാത്തത്‌.

അലാവുദ്ദിന്‍ കാസനി ഹനഫി പറയുന്നു: ബുദ്ധിസ്ഥിരതയുള്ള, പ്രായപൂര്‍ത്തിയായ, ശാരീരിക ക്ഷമതയുള്ള, സ്വതന്ത്രരായ എല്ലാ പുരുഷന്മാരും ജമാഅത്ത് നമസ്‌കാരങ്ങളില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് ഇത് നിര്‍ബന്ധമല്ല. (അല്‍ ബദാ’ഇഉ വാസ്സനാ’ഇഉ)

B) ഷാഫി പണ്ഡിതരുടെ അഭിപ്രായപ്രകാരവും സ്ത്രീകള്‍ പള്ളികളില്‍ പോകണമെന്നത് നിര്‍ബന്ധമില്ല. (അല്‍ മുഹസ്സബ് 4 /188 ബാബുസലാത്തുല്‍ ജുമ:)

C) അഹ്നഫ് പണ്ഡിതരുടെ വീക്ഷണ പ്രകാരം സ്ത്രീകളുടെ ജമാഅത്ത് നമസ്‌കാരം വ്യക്തികളുടെ മേലോ സമൂഹത്തിന്റെ മേലോബാധ്യതയുള്ള ആരാധനാ കര്‍മവുമല്ല.

വെള്ളിയാഴ്ച നമസ്‌കാരവും സ്ത്രീകള്‍ക്ക് നിര്‍ബന്ധമില്ല; അതുമായി ബന്ധപ്പെട്ട ഹദീസുകള്‍ താഴെ:

താരിഖ് ബിന്‍ ഷഹാബ് പറയുന്നു: പ്രവാചകന്‍ മുഹമ്മദ് പറഞ്ഞു – നാല് കൂട്ടര്‍ ഒഴികെ മറ്റെല്ലാവര്‍ക്കും വെള്ളിയാഴ്ച നമസ്‌കാരം നിര്‍ബന്ധമാണ്. ആ കൂട്ടര്‍ അടിമകള്‍, കുട്ടികള്‍, സ്ത്രീകള്‍, രോഗികള്‍ എന്നിവരാണ്. (അബു ദാവൂദ്: 1067).

മുഹമ്മദ് ബിന്‍ ക’അബ്ബിന്‍ അല്‍ ഖാര്‍സി പറയുന്നു: പ്രവാചകന്‍ മുഹമ്മദ് പറഞ്ഞു – അല്ലാഹുവിലും അന്ത്യ ദിനത്തിലും ആരൊരാള്‍ വിശ്വസിക്കുന്നുവോ അവന്‍ ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കേണ്ടതാണ്, സ്ത്രീകളും, കുട്ടികളും, അടിമകളും, രോഗികളും ഒഴികെ. (മുസന്നഫ് ബിന്‍ അബിശൈബ 5149).

അബി ഹാസിം പറയുന്നു: പ്രവാചകന്‍ മുഹമ്മദ് പറഞ്ഞു -ജുമുഅ നമസ്‌കാരം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിമകള്‍ക്കും രോഗികള്‍ക്കും ഒഴികെ മറ്റെല്ലാര്‍ക്കും നിര്‍ബന്ധമാണ്. ( സുനനില്‍ കുബ്‌റാലില്‍ ബൈഹഖി 5635, മുസന്നഫ് ബിന്‍ അബിശൈബ 5149).

അബൂ ഹുറൈറ പറയുന്നു: പ്രവാചകന്‍ പറഞ്ഞു – വനിതകളായ അല്ലാഹുവിന്റെ അടിമകളെ അല്ലാഹുവിന്റെ പള്ളിയില്‍ പോകുന്നതില്‍ ണ് നിന്നും തടയരുത്. (സുനനു അബു ദാവൂദ്565 , സ്വഹീഹ്ഇബ്നു ഹുസൈമ 1679).

അബ്ദുലാഹ് ഇബ്‌നു ഉമര്‍ പറയുന്നു: പ്രവാചകന്‍ മുഹമ്മദ് പറഞ്ഞു – അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളിയില്‍ പോകുന്നതില്‍ നിന്നും തടയരുത്. (മാലിക് 647, മുസ്‌നദ് അഹ്മദ് 4655 )

G) എല്ലാ മതപണ്ഡിതരുടെയും ഏകീകൃത അഭിപ്രായ പ്രകാരം മുസ്ലിം സ്ത്രീകള്‍ വെള്ളിയാഴ്ച പള്ളിയില്‍ പോകണമെന്ന് മതം നിഷ്‌കര്‍ഷിക്കുന്നില്ല. അല്ലാമാ ഖിതാബി യുടെ വരികള്‍: മുസ്ലിം സ്ത്രീകള്‍ വെള്ളിയാഴ്ച നമസ്‌കരത്തിനു പോകൽ നിർബന്ധമില്ല എന്നതില്‍ മതപണ്ഡിതര്‍ക്ക് ഏകാഭിപ്രായമാണ്. (മ’അല്ലിമുസ്സുനാന്‍)

8. പരാതിയില്‍ പറഞ്ഞിരിക്കുന്ന പ്രകാരമായുള്ള മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം വിലക്കി കൊണ്ടുള്ള ഫത്വ മേല്‍പ്പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തില്‍ അപ്രസക്തമാണ്. ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം അനുവദനീയമായ കാര്യമാണ്. ഇതാണ് നിലവിലെ കക്ഷിയുടെ (മുസ്ലിംവ്യക്തി നിയമ ബോര്‍ഡ്) നിലപാട്. സ്ത്രീകളുടെ പള്ളി പ്രവേശനം വിലക്കുന്ന ഏതു ഫത്‌വയും അവഗണിക്കേണ്ടതാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രസ്തുത ഫത്വക്ക് ബലം പകരാനായി ഉയര്‍ത്തിക്കാട്ടിയ മത ഗ്രന്ഥങ്ങള്‍ക്കോ അഭിപ്രായങ്ങള്‍ക്കോ ഇസ്ലാമില്‍ യാതൊരു വിധ നിയമസാധുതയും ഇല്ല. എന്നാല്‍ ഏതെങ്കിലും വിശ്വാസി ഏതെങ്കിലും മതകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഫത്‌വ അന്വേഷിച്ചാല്‍ അപ്പോള്‍ ഫത്‌വ നല്‍കാന്‍ പണ്ഡിതര്‍ക്കു അവകാശമുണ്ട്.

അതിനെ ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവു പ്രകാരം നിയന്ത്രിക്കുകയാണെങ്കില്‍ അത് മത സ്വാതന്ത്ര്യത്തിനും വ്യക്തിയുടെ വിശ്വാസത്തിനും മേലുള്ള വിലക്കായിരിക്കും. പണ്ഡിതന്റെ അഭിപ്രായം കിട്ടിയാല്‍ അത് സ്വീകരിക്കണമോ തള്ളണോ എന്ന് തീരുമാനിക്കേണ്ടത് വിശ്വാസിയാണ്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more