| Friday, 18th October 2019, 1:18 pm

'ഒത്തുതീര്‍പ്പ് വേണ്ട, മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് അന്വേഷിക്കണം'; അയോധ്യാക്കേസില്‍ സുന്നി വഖഫ് ബോര്‍ഡിനെതിരെ വ്യക്തി നിയമ ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യാക്കേസിലെ സുന്നി വഖഫ് ബോര്‍ഡിന്റെ ഒത്തുതീര്‍പ്പു ശ്രമത്തോട് വിയോജിപ്പ് രേഖപ്പെടുത്തി മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. മധ്യസ്ഥ ചര്‍ച്ചകളെ എതിര്‍ത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കു മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഇപ്പോള്‍ കത്ത് നല്‍കിയതോടെയാണ് മുസ്‌ലിം കക്ഷികള്‍ക്കുള്ളില്‍ത്തന്നെയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പുറത്തുവന്നത്.

സുന്നി വഖഫ് ബോര്‍ഡിന്റെ നിലപാട് മറ്റു മുസ്‌ലിം കക്ഷികളെ അറിയിച്ചിട്ടില്ലെന്നും മധ്യസ്ഥ സമിതിയുടെ ശുപാര്‍ശ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിയത് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. അതേസമയം വിധി എന്തായാലും അംഗീകരിക്കാമെന്ന നിലപാടാണ് ബോര്‍ഡിന്റേത്.

സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ എന്നിവരുടെ നിലപാടുകളാണു മധ്യസ്ഥ ചര്‍ച്ച എന്ന രീതിയില്‍ നേരത്തേ പുറത്തുവന്നത്. കേസില്‍ ഇരുവരും ഒത്തുതീര്‍പ്പിനു തയ്യാറായി രംഗത്തെത്തിയിരുന്നു. അഭിഭാഷകനായ ഷാഹിദ് റിസ്‌വിയിലൂടെയാണ് സുന്നി വഖഫ് ബോര്‍ഡ് ഇക്കാര്യം നേരത്തേ പുറത്തുവിട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അയോധ്യയിലെ തര്‍ക്കഭൂമിക്കുള്ള അവകാശവാദത്തില്‍ നിന്ന് ഉപാധികളോടെ പിന്മാറാമെന്നായിരുന്നു സുന്നി വഖഫ് ബോര്‍ഡിന്റെ നിലപാട്. മഥുര, കാശി എന്നിവിടങ്ങളിലെ അവകാശവാദം ഹിന്ദു സംഘടനകള്‍ ഉപേക്ഷിച്ചാല്‍ തര്‍ക്കഭൂമി വിട്ടുനല്‍കാം എന്നായിരുന്നു അവര്‍ പറഞ്ഞത്.

തര്‍ക്കഭൂമി വിട്ടുനല്‍കുന്നതിനു പകരം അയോധ്യയില്‍ത്തന്നെ മറ്റൊരിടത്ത് മസ്ജിദ് പണിയാനുള്ള സ്ഥലം അനുവദിക്കണം, അയോധ്യയിലുള്ള 22 പള്ളികള്‍ പുതുക്കിപ്പണിയാനുള്ള അവസരം നല്‍കണം, മറ്റൊരു സ്ഥലത്തും എതിര്‍കക്ഷികള്‍ തര്‍ക്കം ഉന്നയിച്ചു രംഗത്തുവരാന്‍ പാടില്ല, എ.എസ്.ഐയുടെ കീഴിലുള്ള പള്ളികളില്‍ ആരാധന നടത്താനുള്ള അവസരം നല്‍കണം എന്നീ നാല് ഉപാധികളാണ് സുന്നി വഖഫ് ബോര്‍ഡ് കോടതിക്കു മുന്നില്‍വെച്ചത്.

ഇതംഗീകരിക്കുകയാണെങ്കില്‍ തര്‍ക്കഭൂമി വിട്ടുനല്‍കാമെന്ന നിലപാട് സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ വ്യക്തി നിയമ ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more