ന്യൂദല്‍ഹി: ആര്‍.എസ്.എസുമായുള്ള ചര്‍ച്ച തുടരാന്‍ മുസ്‌ലിം സംഘടനകള്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. ന്യൂസ് 18, സിയാസത് തുടങ്ങിയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മുസ്‌ലിം സംഘടനകള്‍ക്ക് ആര്‍.എസ്.എസുമായി ചര്‍ച്ചയ്ക്ക് താത്പര്യമുണ്ടെന്നും ഇരു വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.
സര്‍ക്കാരില്‍ സ്വാധീനമുള്ളതിനാല്‍ തങ്ങള്‍ക്ക് ആര്‍.എസ്.എസുമായി ചര്‍ച്ചയ്ക്ക് താത്പര്യമുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രതിനിധി അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. തങ്ങള്‍ യുദ്ധത്തിന് തയ്യാറല്ലെന്നും ചര്‍ച്ചകള്‍ നല്ല രീതിയില്‍ അവസാനിക്കട്ടെയെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അറിയിച്ചു.
കഴിഞ്ഞ മാസം ആര്‍.എസ്.എസ് നേതാക്കളും മുസ്‌ലിം നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടന്നിരുന്നു. ദല്‍ഹി മുന്‍ ലെഫ്. ഗവര്‍ണര്‍ നജീബ് ജങ്ങിന്റെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍, വിദ്വേഷ പ്രസംഗം, ആള്‍ക്കൂട്ടക്കൊല, തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചര്‍ച്ച.