പ്രേംനസീറിന് പ്രതിമ സ്ഥാപിക്കുന്നത് സമുദായം ഒറ്റക്കെട്ടായി എതിര്‍ക്കണം: മുസ്‌ലീം സംഘടനകള്‍
Movie Day
പ്രേംനസീറിന് പ്രതിമ സ്ഥാപിക്കുന്നത് സമുദായം ഒറ്റക്കെട്ടായി എതിര്‍ക്കണം: മുസ്‌ലീം സംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th May 2012, 12:03 pm

മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീന് സ്മാരകം സ്ഥാപിക്കാനുള്ള തീരുമാനം വിവാദമാകുന്നു. പ്രേംനസീറിന് പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് മുസ്‌ലീം സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ഇസ്‌ലാം മത വിശ്വാസിയായ പ്രേംനസീറിന് പ്രതിമസ്ഥാപിക്കുന്നതാണ് മതസംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രേംനസീറിന്റെ പ്രതിമ നിര്‍മ്മിക്കാന്‍ 10 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉത്തരവ് പുറത്തുവന്നത്. പ്രേംനസീറിന്റെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് മുസ്‌ലീം ജമാഅത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു. നസീറിന്റെ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും ജമാഅത്ത് കൗണ്‍സില്‍ പ്രസിഡന്റ് പി.എം.എസ് ആറ്റകോയ തങ്ങളും ജനറല്‍ സെക്രട്ടറി അഡ്വ. എ പൂക്കുഞ്ഞും അറിയിച്ചു.

മതവിശ്വാസങ്ങളെ മാനിക്കാതെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കം സമുദായം ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നസീറിന് സ്മാരകമായി സാംസ്‌കാരിക കേന്ദ്രം ആരംഭിക്കുകയാണ് വേണ്ടതെന്നും ഇവര്‍ ആവശ്യപ്പെട്ടു.

അതേസമയം, പ്രേംനസീറിന്റെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തിന് സിനിമാ സാംസ്‌കാരിക രംഗത്തുനിന്നും മികച്ച പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. നസീറിന് മതമില്ലെന്നും അദ്ദേഹത്തെ ഒരു മതത്തിന്റെ മാത്രം പ്രതിനിധിയായി ചുരുക്കരുതെന്നും സാംസ്‌കാരിക രംഗത്തുള്ളവര്‍ പറയുന്നു.

Malayalam news

Kerala news in English