ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ പേര് മാറ്റാനൊരുങ്ങി മധ്യപ്രദേശിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍
national news
ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ പേര് മാറ്റാനൊരുങ്ങി മധ്യപ്രദേശിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th July 2019, 9:05 pm

ഭോപ്പാല്‍: രാജ്യത്ത് തുടരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ പേര് മാറ്റാനൊരുങ്ങി എഴുത്തുകാരന്‍. മധ്യപ്രദേശ് സര്‍ക്കാറിലെ സീനിയര്‍ ഓഫിസര്‍ കൂടിയായ നിയാസ് ഖാനാണ് താന്‍ പേര് മാറ്റുകയാണെന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്.

‘ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മുസ്‌ലിം സ്വത്വം മറച്ചുവെക്കേണ്ട സാഹചര്യമാണുള്ളത്. വിദ്വേഷത്തില്‍ നിന്നും ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ പുതിയ പേര് ഉപകരിക്കുമെന്ന്’ നിയാസ് ഖാന്‍ പറയുന്നു.

‘തൊപ്പിയും കുര്‍ത്തയും ധരിക്കാതിരുന്നാലും താടി വെക്കാതിരുന്നാലും ആള്‍കൂട്ടത്തിന്റെ ആക്രമണങ്ങളില്‍ നിന്നും പുതിയ പേര് എന്നെ രക്ഷപ്പെടുത്തും. എന്നാല്‍ എന്റെ സഹോദരന്‍ പരമ്പരാഗത വേഷം ധരിക്കുന്നവനും താടിയുള്ളയാളുമാണ്. അതിനാല്‍ അദ്ദേഹം അപകടത്തിലാണെന്നും’ നിയാസ് ഖാന്‍ ട്വീറ്റ് ചെയ്തു.

മുസ്‌ലിങ്ങളെ രക്ഷിക്കാന്‍ ഒരു വ്യവസ്ഥിതിയും വരില്ല. അതുകൊണ്ട് പേരുമാറ്റുകയാണ് രക്ഷയെന്നും മറ്റൊരു ട്വീറ്റില്‍ നിയാസ് പറയുന്നു.

‘ബോളിവുഡിലെ മുസ്‌ലിങ്ങളായ താരങ്ങള്‍ക്ക് അവരുടെ സിനിമകള്‍ വിജയിക്കണമെങ്കില്‍ പേര് മാറ്റുന്നതാണ് ഉചിതം. ഇപ്പോള്‍ സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍ പോലും പരാജയപ്പെടുകയാണ്. അത് എന്തുകൊണ്ടാണെന്ന് അവര്‍ മനസ്സിലാക്കണം’- നിയാസ് പറഞ്ഞു.

സര്‍ക്കാര്‍ സര്‍വിസ് രംഗത്തെ വിവേചനം കാരണം തൊട്ടുകൂടാത്തവനായി തോന്നുന്നുവെന്ന് പറഞ്ഞതിലൂടെ കഴിഞ്ഞ ജനുവരിയില്‍ നിയാസ് ഖാന്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.