| Monday, 8th November 2021, 5:08 pm

2001ലെ അല്‍ഖ്വയിദ ആക്രമണത്തിന് പിന്നാലെ മുസ്‌ലിങ്ങളെ നിരന്തരം നിരീക്ഷിച്ചു; അമേരിക്കയില്‍ എഫ്.ബി.ഐക്ക് എതിരായ കേസ് സുപ്രീംകോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: 2001 സെപ്റ്റംബര്‍ 11ന് അല്‍ഖ്വയിദ അമേരിക്കയില്‍ നടത്തിയ ഭീകരാക്രമണ പരമ്പരകള്‍ക്ക് പിന്നാലെ രാജ്യത്ത് മുസ്‌ലിം മതസ്ഥരെ നിരന്തരം നിരീക്ഷിച്ചിരുന്നെന്ന പരാതിയിന്മേലുള്ള കേസ് സുപ്രീംകോടതിയില്‍.

അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ എഫ്.ബി.ഐക്ക് എതിരായ കേസാണ് സുപ്രീംകോടതിയില്‍ എത്തിയത്. ഇന്ന് കേസില്‍ കോടതി വാദം കേള്‍ക്കുന്നുണ്ട്.

2011ലായിരുന്നു രാജ്യസുരക്ഷയുടെ പേരില്‍ എഫ്.ബി.ഐ മുസ്‌ലീങ്ങളെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിച്ചു എന്ന പേരില്‍ കേസ് ഫയല്‍ ചെയ്തത്. കാലിഫോര്‍ണിയയില്‍ ഓറഞ്ച് കൗണ്ടി ഇസ്‌ലാമിക് ഫൗണ്ടേഷനില്‍ ഇമാമായ ഷെയ്ഖ് യാസിര്‍ ഫസാഗ, അലി ഉദ്ദിന്‍ മാലിക്, യാസെര്‍ അബ്ദെല്‍റഹിം എന്നിവരാണ് കേസ് ഫയല്‍ ചെയ്തത്.

ആക്രമണത്തിന് പിന്നാലെ ഇസ്‌ലാം മതസ്ഥരും അവരുടെ ആരാധനാ കേന്ദ്രങ്ങളും നിരന്തരം നിരീക്ഷിക്കപ്പെട്ടിരുന്നു എന്നും അമേരിക്കന്‍ സര്‍ക്കാര്‍ എഫ്.ബി.ഐയെ ഉപയോഗിച്ച് വഞ്ചന നടത്തുകയായിരുന്നുമെന്ന് കാണിച്ചാണ് കേസ്.

മതത്തിന്റെ പേരില്‍ ജനങ്ങളെ നിരീക്ഷിച്ചെന്നും തെക്കന്‍ കാലിഫോര്‍ണിയയില്‍ അടക്കം രഹസ്യമായി മുസ്‌ലിങ്ങളുടെ ഓഡിയോകളും വീഡിയോകളും റെക്കോര്‍ഡ് ചെയ്തു എന്നും വാദിഭാഗം പറയുന്നുണ്ട്.

എഫ്.ബി.ഐയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടാന്‍ പറ്റില്ലെന്നും കേസ് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നുമുള്ള അമേരിക്കന്‍ സര്‍ക്കാരിന്റെ വാദത്തെത്തുടര്‍ന്ന് 2012ല്‍ കേസ് കീഴ്‌ക്കോടതി തള്ളിയിരുന്നു.

ഇതേവാദം തന്നെയായിരിക്കും സര്‍ക്കാരിനേയും എഫ്.ബി.ഐയേയും പ്രതിനിധീകരിച്ച് അഭിഭാഷകര്‍ സുപ്രീംകോടതിയിലും ഉയര്‍ത്തുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Muslim monitoring after September 11 attacks, goes to the supreme court of America

We use cookies to give you the best possible experience. Learn more