രാമനവമി ആഘോഷിക്കണമെന്ന കോണ്‍ഗ്രസിന്റെ സര്‍ക്കുലര്‍ ചോദ്യം ചെയ്ത് ആരിഫ് മസൂദ്
national news
രാമനവമി ആഘോഷിക്കണമെന്ന കോണ്‍ഗ്രസിന്റെ സര്‍ക്കുലര്‍ ചോദ്യം ചെയ്ത് ആരിഫ് മസൂദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th April 2022, 7:55 am

ഭോപ്പാല്‍: രാമനവമിയും ഹനുമാന്‍ ജയന്തിയും ആഘോഷിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത് തെറ്റാണെന്ന് ഭോപ്പാല്‍ സെന്‍ട്രല്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ആരിഫ് മസൂദ്. കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി തീരുമാനത്തിനെതിരെ മസൂദ് രംഗത്തെത്തിയത്.

രാമനവമിയും ഹനുമാന്‍ ജയന്തിയും ആഘോഷിക്കാനും സുന്ദരകാണ്ഡവും (രാമായണത്തിന്റെ ഭാഗം) ഹനുമാന്‍ ചാലിസയും പാരായണം ചെയ്യാനും പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത് വഴി തെറ്റായ മാതൃക സൃഷ്ടിക്കുകയാണെന്ന് മസൂദ് പറഞ്ഞു.

മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്റെ നിര്‍ദ്ദേശപ്രകാരം ഏപ്രില്‍ 2 ന് പുറത്തിറക്കിയ സര്‍ക്കുലറില്‍, രാമനവമി, ഹനുമാന്‍ ജയന്തി എന്നിവ പ്രമാണിച്ച് ഏപ്രില്‍ 10, 16 തീയതികളില്‍ മതപരമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

‘കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയ സര്‍ക്കുലറിനെ ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയായതിനാല്‍ കോണ്‍ഗ്രസ് ഇത്തരമൊരു സര്‍ക്കുലര്‍ പുറപ്പെടുവിക്കരുതായിരുന്നു. ഞങ്ങള്‍ എല്ലാ മതങ്ങളെയും ഒപ്പം കൊണ്ടുപോകുന്നു,’ മസൂദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കോണ്‍ഗ്രസിലെ തന്റെ സഹപ്രവര്‍ത്തകരും മറ്റ് പരിചയക്കാരും രാമനവമി ആവേശത്തോടെ ആഘോഷിക്കാറുണ്ടെന്നും എന്നാല്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

രാമനവമിയും ഹനുമാന്‍ ജയന്തിയും ആഘോഷിക്കാന്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയാണെങ്കില്‍, റമദാനെക്കുറിച്ചും മറ്റ് മതങ്ങളുടെ ഉത്സവങ്ങളെക്കുറിച്ചും ഇത്തരമൊരു കത്ത് നല്‍കണം, ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ചേര്‍ന്ന പാരമ്പര്യമല്ല, അദ്ദേഹം പറഞ്ഞു.

 

Content Highlights: Muslim MLA questions party’s directives to celebrate Ram Navami and Hanuman Jayanti