ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിനെ ജനസംഖ്യാനുപാതികമാക്കണമെന്ന കോടതിവിധിയുടെയും സര്‍ക്കാര്‍ നീക്കങ്ങളുടെയും പശ്ചാത്തലത്തില്‍ ഇടത് സര്‍ക്കാറിന്റെ മുസ്‌ലിങ്ങളോടുള്ള സമീപനത്തെ വിമര്‍ശിക്കുകയാണ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തലൂര്‍
‘ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചു. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും. ക്രിസ്ത്യന്‍ 18.38%, മുസ്ലീം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. മേല്‍പ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്‌കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചു’.
കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ തീരുമാനമായി പുറത്തുവന്ന പത്രക്കുറിപ്പാണ് മുകളില്‍ കൊടുത്തത്.
ഇത് സംബന്ധമായ അധിക വിശദീകരണങ്ങള്‍ ഇങ്ങനെയാണ്:
1. കോടതി വിധി നടപ്പാക്കല്‍ സര്‍ക്കാര്‍ ബാധ്യതയായതുകൊണ്ടാണ് അത് ചെയ്തത്.
2. ജനസംഖ്യാനുപാതികമാക്കിയെങ്കിലും നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന സ്‌കോളര്‍ഷിപ്പിന്റെ എണ്ണത്തിലോ തുകയിലോ ഒരു കുറവും വരുത്തുകയില്ല. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ സ്‌കോളര്‍ഷിപ്പിനും സിവില്‍ സര്‍വ്വീസ് പഠനത്തിനും അപേക്ഷ ക്ഷണിക്കുമ്പോള്‍ സ്വാഭാവികമായും മുസ്‌ലിങ്ങള്‍ക്ക് ലഭിക്കുന്നത് ആനുപാതികമായി കുറയുകയും ചെയ്യും. അതോടെ നൂറ് ശതമാനം മുസ്‌ലിങ്ങള്‍ക്ക് ആരംഭിച്ച ഒരു പദ്ധതി തുടക്കം മുതലേ എണ്‍പത് ശതമാനമാവുകയും ഇനി മുതല്‍ 59 ശതമാനമാവുകയും ചെയ്യും. ഇത് ഒരിക്കലും മുസ്‌ലിം സമുദായത്തിന് നഷ്ടമുണ്ടാക്കില്ല എന്ന് പറയുന്നത് ആരെ വിശ്വസിപ്പിക്കാനാണ്?
ഇവിടെ മുസ്‌ലിങ്ങള്‍ക്ക് മാത്രമായുള്ള ഒരു പദ്ധതിയെ ന്യൂനപക്ഷങ്ങള്‍ക്ക് മൊത്തമാണെന്ന് ഹരജിക്കാരന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചപ്പോള്‍ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. വിധിക്കെതിരെ അപ്പീല്‍ പോയതുമില്ല. വിധിയെ മറികടക്കാന്‍ നിയമനിര്‍മാണം നടത്താനും തയ്യാറായില്ല. സര്‍വ്വകക്ഷി യോഗവും പ്രത്യേക വിദഗ്ദ സമിതിയും ചില പൊടിക്കൈകള്‍ മാത്രമായിരുന്നു.
ഇനി ചില ചോദ്യങ്ങള്‍:
6.5.2008 ലെ ഗവണ്‍മെന്റ് ഓര്‍ഡര്‍ പ്രകാരം MS 148/8 പൊതുഭരണ വകുപ്പ് പാലൊളി കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിച്ചതാണ്. അതിലെ ചില സ്‌കോളര്‍ഷിപ്പുകളും സിവില്‍ സര്‍വ്വീസ് കോച്ചിംഗ് സെന്ററുകളും ന്യൂനപക്ഷ വകുപ്പുമായി കൂട്ടിക്കെട്ടിയതിന്റെ ഫലമാണ് ഇപ്പോഴത്തെ കോടതി വിധിയിലെത്തിച്ചത്. എന്നാല്‍ നിരവധി ശുപാര്‍ശകള്‍ റിപ്പോര്‍ട്ടില്‍ അവശേഷിക്കുന്നുണ്ട്. അത് നടപ്പാക്കുന്നതിന് യാതൊരു നിയമ തടസ്സവുമില്ല. അത് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്കായി, നിയമ പരിരക്ഷയോടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ? സച്ചാര്‍, പാലൊളി റിപ്പോര്‍ട്ടുകള്‍ മുസ്‌ലിം കേന്ദ്രങ്ങളില്‍ സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കാന്‍ മാത്രമല്ലല്ലൊ ഉപയോഗപ്പെടുത്തേണ്ടത്.
ജനസംഖ്യാനുപാതികമാവുമ്പോള്‍ മാത്രം ‘നീതി പുലരുന്ന’ നമ്മുടെ നാട്ടില്‍ എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും ആ മാനദണ്ഡം സ്വീകരിച്ചു കൂടെ ?
മുന്നാക്ക, പിന്നാക്ക സമുദായങ്ങള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് ഒരേ കോഴ്‌സിന് രണ്ട് തരം തുകകള്‍ അനുവദിച്ചു കൊണ്ടുള്ള കടുത്ത വിവേചനം ഇപ്പോഴും നിലനില്‍ക്കയാണ്. മുന്നാക്ക വിഭാഗങ്ങള്‍ക്ക് ഹൈസ്‌ക്കൂള്‍ തലം 2000 രൂപ, ഹയര്‍ സെക്കന്ററി തലം – 4000 രൂപ, ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ – 50000 രൂപ, എം.ഫില്‍ – 25000 രൂപ, പി.എച്ച്.ഡി – 25000 രൂപ എന്നിങ്ങനെ സ്‌കോളര്‍ഷിപ്പ് നല്‍കുമ്പോള്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഈ മേഖലകളില്‍ ഒരു സ്‌കോളര്‍ഷിപ്പും നല്‍കുന്നില്ല. ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് മാത്രമായി മുന്നാക്ക വിഭാഗത്തിന് അനുവദിക്കുന്ന തുകയേക്കാള്‍ കുറഞ്ഞ സംഖ്യയാണ് സ്‌കോളര്‍ഷിപ്പായി പിന്നാക്ക വിഭാഗത്തിന് ലഭിക്കുന്നത്. ഈ വിവേചനം സര്‍ക്കാര്‍ അവസാനിപ്പിക്കുമോ?
വിവിധ തസ്തികകളിലെ ഒഴിവുകള്‍ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വരുന്നു. ഇവിടെ നിയമനങ്ങളില്‍ മുസ്‌ലിങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സംവരണം പൂര്‍ത്തീകരിച്ചു നല്‍കാന്‍ തയ്യാറുണ്ടോ? മുന്നാക്ക വിഭാഗത്തിന് അനുവദിച്ച സാമ്പത്തിക സംവരണം എല്ലായിടത്തും പത്ത് ശതമാനം പൂര്‍ത്തീകരിച്ചു നല്‍കുമ്പോള്‍ മുസ്‌ലിം സംവരണം രണ്ടും അഞ്ചും ഏഴും ശതമാനമായി പല തലങ്ങളിലും ചുരുക്കിക്കെട്ടിയിരിക്കുകയാണ്. എന്നാല്‍ സംവരണം നടപ്പാക്കുന്നിടത്ത് ജനസംഖ്യാനുപാതിക പ്രാതിനിധ്യക്കാരെ കാണുന്നില്ല.
സാമ്പത്തിക സംവരണ കാര്യത്തില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസ്സും ഒരേ നിലപാട് സ്വീകരിച്ചപ്പോള്‍ മുസ്‌ലിം ലീഗിന് സ്വാഭാവികമായും പാര്‍ലിമെന്റിലെ വിയോജിപ്പിനപ്പുറം ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. സ്‌കോളര്‍ഷിപ്പ് വിവാദത്തിലും കോടതി വിധി വന്നയുടനെ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് വിധിയെ സ്വാഗതം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സര്‍ക്കാര്‍ തീരുമാനത്തെ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് അനുകൂല നിലപാടിലേക്ക് മാറി. വീണ്ടും തിരുത്തിപറഞ്ഞെങ്കിലും കോണ്‍ഗ്രസ്സ് നിലപാടില്‍ അവ്യക്തത തുടരുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ച ശുപാര്‍ശയില്‍ 80:20 അനുപാതം 60:40 ആയി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ അഡ്വ.എം.വീരാന്‍ക്കുട്ടിയും മെമ്പര്‍മാരായ അഡ്വ.വി.വി ജോഷിയും അഡ്വ. കെ.പി മറിയുമ്മയുമാണ് ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചത്. ഇക്കാര്യം ഇതിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍ യു.ഡി.എഫിന്റെ നിസ്സംഗതയാണ് സര്‍ക്കാറിന് ഇത്തരം നീക്കങ്ങള്‍ക്ക് ശക്തി പകരുന്നതെന്ന് കാണാനാവും.
മുസ്‌ലിം ലീഗ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചപ്പോഴേക്കും എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്‍ അതിനെ തന്റെ സഹജമായ വര്‍ഗീയ ആരോപണം കൊണ്ട് നേരിടാനാണ് ശ്രമിക്കുന്നത്. അതിനെ അവഗണിച്ച് ശക്തമായ നീക്കങ്ങള്‍ നടന്നെങ്കില്‍ മാത്രമേ ഇനിയെങ്കിലും വലിയ നഷ്ടങ്ങളില്‍ നിന്ന് സമുദായത്തിന് മോചനമുണ്ടാവൂ. കേരളത്തിലെ മുസ്‌ലിങ്ങളെ ഒരു രാഷ്ട്രീയ അനാഥത്വത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കൂടി ഇതാവശ്യമാണ്.