ഭോപ്പാല്‍: ഹിന്ദു സ്ത്രീക്കൊപ്പം ഒരുമിച്ച് യാത്ര ചെയ്തതിന് മുസ്‌ലിം യുവാവിനെ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.
തീവ്ര വലതുപക്ഷ സംഘടനയായ ബജ്‌രംഗ് ദളിന്റെ മൂന്ന് പ്രവര്‍ത്തകര്‍ ഇവരെ ട്രെയിനില്‍ നിന്ന് നിര്‍ബന്ധപൂര്‍വം വലിച്ചിറക്കുകയും യുവാവിനെ തല്ലുകയുമായിരുന്നു. പിന്നീട് അക്രമികള്‍ തന്നെ ഇരുവരെയും പൊലീസില്‍ ഏല്‍പ്പിച്ചു.
ഉജ്ജ്വയിനിലെ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.
ലൗ ജിഹാദിന് ശ്രമിക്കുകയാണ് എന്നാരോപിച്ച് മുസ്‌ലിം യുവാവിനെ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ ട്രെയിനില്‍ നിന്ന് വലിച്ചിറക്കുകയായിരുന്നു.
ഇരുവരും ഇന്‍ഡോര്‍ സ്വദേശികളായ കുടുംബ സുഹൃത്തുക്കളാണ്. എന്നാല്‍ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ ഇവരെ ഗവണ്‍മെന്റ് റെയില്‍വേ പൊലീസില്‍ ഏല്‍പ്പിച്ചതിനാല്‍ തങ്ങളുടെ മാതാപിതാക്കള്‍ വരുന്നത് വരെ ഇവര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ തുടരേണ്ടി വന്നു.
റെയില്‍വേ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയും ചെയ്തു. സ്‌റ്റേറ്റ്‌മെന്റ് രേഖപ്പെടുത്തിയ ശേഷമാണ് ഇരുവരെയും മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചത്.
അതേസമയം, യുവാവിനെ ആക്രമിച്ചതില്‍ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. പരാതി ലഭിക്കാത്തതിനാലാണ് കേസെടുക്കാത്തതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചത്.
ജനുവരി 14നായിരുന്നു സംഭവം നടന്നത്. എന്നാല്‍ ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെയാണ് സംഭവം വാര്‍ത്തയായത്.
ഹിന്ദു സ്ത്രീ വിവാഹിതയാണെന്നും മുസ്‌ലിം യുവാവ് ഇവരെ ‘വഴി തെറ്റിക്കുകയാണ്’ എന്നുമാണ് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകനായ പിന്റു കൗശല്‍ വീഡിയോയില്‍ പറയുന്നത്. ഇത് ലൗ ജിഹാദിന്റെ കേസ് ആയതിനാലാണ് ഇവരെ പൊലീസില്‍ ഏല്‍പ്പിച്ചതെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.
സ്ത്രീ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണെന്നും ആക്രമിക്കപ്പെട്ട യുവാവ് ഇലക്ട്രോണിക് കട നടത്തുന്ന ആസിഫ് ഷെയ്ഖ് ആണെന്നുമാണ് തിരിച്ചറിഞ്ഞത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Muslim man travelling with Hindu woman taken off train by Bajrang Dal workers and attacked the man accusing love jihad