| Tuesday, 7th May 2019, 8:30 am

ബെഗുസരായിയില്‍ മുസ്‌ലിം വയോധികന് ആള്‍ക്കൂട്ട മര്‍ദ്ദനം; ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് ബന്ധുക്കള്‍, ബീഫ് കൈവശം വെച്ചതിന് പൊലിസ് കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീഹാര്‍: ബീഹാറിലെ ബെഗുസരായിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മധ്യവയസ്‌കന് ഗുരുതര പരിക്ക്. 48കാരനായ മുഹമ്മദ് ഇസ്തിഖാര്‍ ആലമിനാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അക്രമത്തിനു പിന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് കുടുംബം ആരോപിക്കുന്നു. ഇദ്ദേഹം വസ്ത്ര വ്യാപരിയാണ്.

സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുഹമ്മദ് ഇസ്തിഖാറിനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് തടയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ബോധം നഷ്ടമാവുന്നതുവരെ തുടര്‍ച്ചയായി മര്‍ദ്ദിച്ചിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മുഹമ്മദ് ഇസ്തിഖാറിന് സംസാരിക്കാന്‍ സാധിക്കുന്നില്ലെന്നും കുറ്റക്കാരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. മുഹമ്മദ് ഇസ്തിഖാറിനെതിരെ ബീഫ് കൈവശം വെച്ചു എന്ന കേസ് പൊലീസ് ചുമത്തിയതായും ബന്ധുക്കള്‍ പറഞ്ഞു.

മകളുടെ വിവാഹ ആഘോഷങ്ങളുടെ ഭാഗമായി വീട്ടിലേക്ക് ബീഫുമായി വരികയായിരുന്ന മുഹമ്മദ് ഇസ്തിഖാറിനെ മദ്യലഹരിയിലായിരുന്ന ഒരു കൂട്ടം ആളുകള്‍ തടയുകയും മര്‍ദ്ദിക്കുകയുമയിരുന്നു.

സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ഇസ്തിഖാര്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെ കണ്ട് വെട്ടിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് വീഴ്ത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

മുഹമ്മദ് ഇസ്തിഖാറിന്റെ കൈവശമുണ്ടായിരുന്ന 16000 രൂപ സംഘം തട്ടിയെടുത്തതായും ബന്ധുക്കള്‍ ആരോപിച്ചു. മര്‍ദ്ദിച്ചിരുന്ന സംഘത്തിലുണ്ടായിരുന്നവരെല്ലാം തങ്ങള്‍ക്ക് പരിചിതമായ മുഖങ്ങളാണെന്നും പൊലീസ് ഒരു നടപടിയും എടുക്കുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more