| Thursday, 14th June 2018, 10:12 am

ഭാര്യയെ വിട്ടു കിട്ടാന്‍ ഹേബിയസ് കോര്‍പ്പസ്: ഹൈക്കോടതിയെ സമീപിച്ച് യുവാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഭാര്യയെ വിട്ടുകിട്ടാനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കോഴിക്കോടു സ്വദേശിയായ മുസ്‌ലിം യുവാവ്. കുറ്റ്യാടിയില്‍ നിന്നുള്ള ഫാസില്‍ മഹ്മൂദാണ് പിതാവ് നിയമവിരുദ്ധമായി തടഞ്ഞുവെച്ചിട്ടുള്ള യുവതിയെ സ്വതന്ത്രയാക്കണമെന്ന ആവശ്യവുമായി ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിരിക്കുന്നത്.

കേസില്‍ വാദം കേട്ട ശേഷം വി. ചിദംബരേഷ്, കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരടങ്ങുന്ന ഹൈക്കോടതി ബെഞ്ച് ബാംഗ്ലൂരില്‍ താമസിക്കുന്ന യുവതിയുടെ പിതാവിന് നോട്ടീസയച്ചിട്ടുണ്ട്.

ബാംഗ്ലൂരില്‍ ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്ന കാലത്താണ് സമീപവാസിയായ യുവതിയുമായി പ്രണയത്തിലാവുന്നതെന്ന് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മഹ്മൂദ് പറയുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം യുവതി ഇസ്‌ലാം മതം സ്വീകരിക്കുകയും, മതാചാരപ്രകാരം വിവാഹിതരായി കോഴിക്കോട്ട് ഒരുമിച്ചു താമസിക്കാനാരംഭിക്കുകയും ചെയ്തിരുന്നു.


Also Read: ഗൗരി ലങ്കേഷ് വധക്കേസ് പ്രതിയോടൊപ്പം പ്രമോദ് മുത്തലിക്ക്: ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു


എന്നാല്‍, യുവതിയുടെ പിതാവും മറ്റു ബന്ധുക്കളും ഇടപെട്ടതിനെത്തുടര്‍ന്ന് കോഴിക്കോട് പൊലീസ് ഇരുവരെയും നിര്‍ബന്ധിച്ച് മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുവാങ്ങുകയും അവരെ ബാംഗ്ലൂര്‍ പൊലീസിനു കൈമാറുകയുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പിന്നീട് ബാംഗ്ലൂര്‍ പൊലീസ് യുവതിയെ പിതാവിനൊപ്പം പറഞ്ഞയച്ചു. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 2 വരെയുള്ള കാലയളവില്‍ മഹ്മൂദിനെ കസ്റ്റഡിയില്‍ വച്ച് ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ക്കിരയാക്കിയെന്നും പരാതിയുണ്ട്.

ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് മേയ് 29ന് ഫോണ്‍കോള്‍ ലഭിച്ചതായും മഹ്മൂദ് പറയുന്നു. ജൂണ്‍ 5നും സമാനമായ വധഭീഷണികള്‍ വന്നതായും കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. ഭാര്യ ഗര്‍ഭിണിയാണെന്നും അവരുടെ ജീവനും ഭാവിക്കും ആപത്തുണ്ടെന്നും തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്നും മഹ്മൂദ് പറഞ്ഞു.

We use cookies to give you the best possible experience. Learn more