| Wednesday, 2nd May 2018, 11:02 pm

'വീണ്ടും ദുരഭിമാനക്കൊല';ഹിന്ദു യുവതിയെ പ്രണയിച്ചതിന് മുസ്‌ലിം യുവാവിനെ മര്‍ദ്ദിച്ച് കൊന്നു ഓടയില്‍ തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ഹിന്ദു യുവതിയെ പ്രണയിച്ചതിന് മുസ്‌ലിം യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊന്നു ഓടയില്‍ തള്ളി. രാജസ്ഥാനിലെ ബികാനെറില്‍ ഇന്നലെ രാത്രിയാണ് സംഭവം. പഴക്കച്ചവടക്കാരനായ സൈഫ് അലി(22) ആണ് ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി യുവതിയെ കാണാന്‍ രാംപുരയിലെത്തിയതായിരുന്നു സൈഫ് അലി. എന്നാല്‍ അലി വരുന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞ യുവതിയുടെ ബന്ധുക്കള്‍ ഇയാളെ ആക്രമിക്കാന്‍ പദ്ധതിയിടുകയായിരുന്നെന്ന് ബികാനെര്‍ പൊലീസ് സൂപ്രണ്ട് സ്വായി സിങ് ഗോദര പറഞ്ഞു.


Read | കാവേരി നദീജല തര്‍ക്കം: മോദിയ്ക്ക് പിന്നാലെ നിര്‍മ്മല സീതാരാമന് നേരേയും കരിങ്കൊടി പ്രതിഷേധവുമായി ഡി.എം.കെ പ്രവര്‍ത്തകര്‍


അലിയെ പിടികൂടിയ യുവതിയുടെ ബന്ധുക്കള്‍ അയാളെ കാറില്‍ നഗരത്തിന് പുറത്തുള്ള കര്‍ണിയിലെ വ്യവസായ മേഖലയിലേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. അലിയുടെ രണ്ട് കാലുകളും മര്‍ദ്ദനത്തില്‍ തകര്‍ന്നതായി പൊലീസ് പറയുന്നു. പിന്നീട് ഇയാളെ അഴുക്ക് ജലം കെട്ടിക്കിടക്കുന്ന ഒരിടത്തേക്ക് തള്ളുന്നത് കണ്ട ദൃക്‌സാക്ഷിയാണ് പൊലീസിനെ വിവരമറിയിച്ചത്.

ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് അലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെ 3.30 ഓടെ മരിച്ചു.

യുവതിയുടെ ബന്ധുക്കളായ ശിവ് മാലി, രാജ സോണര്‍, ഗോപാല്‍ ഘട്ടി, ബബ്ലു മാലി എന്നിവര്‍ക്കെതിരെയും മറ്റ് രണ്ട് പേര്‍ക്കെതിരെയും കൊലപാതകം, തട്ടിക്കൊണ്ട് പോവല്‍, തടഞ്ഞ് വെക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും മൂന്ന് പേരെ സംഭവത്തില്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും അതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.


Read | ‘ചെങ്ങന്നൂരില്‍ ആര് ജയിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും’; സി.പി.ഐ എന്തിനാണ് കേരള കോണ്‍ഗ്രസ് എമ്മിനെ ഭയക്കുന്നതെന്നും ജോസ് കെ.മാണി


യുവതിയും അലിയുമായി പ്രണയത്തിലായിരുന്നെന്നും എന്നാല്‍ ഹിന്ദുവായ യുവതിയുമായുള്ള പ്രണയം അലി എപ്പോഴും ഭയന്നിരുന്നെന്നും അലിയുടെ സുഹൃത്ത് പറയുന്നു.

ഇതര സമുദായത്തിലുള്ള പെണ്‍കുട്ടിയെ പ്രേമിച്ചതിന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ദല്‍ഹിയില്‍ മാതാപിതാക്കളുടെ മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊന്ന വാര്‍ത്തക്ക് പിന്നാലെയാണ് പുതിയ സംഭവം.

We use cookies to give you the best possible experience. Learn more