ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഹോളി കളര്‍ ശരീരത്തിലാക്കാന്‍ വിസമ്മതിച്ചതിന് മുസ്‌ലിം യുവാവിനെ അടിച്ചുകൊന്ന് അക്രമികള്‍. സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ശരീഫ് (48) ആണ് കൊല്ലപ്പെട്ടത്. യു.പിയിലെ ഉന്നാവോയില്‍ ശനിയാഴ്ചയാണ് സംഭവം.
പള്ളിയിലേക്കുള്ള യാത്രാമധ്യേയാണ് ശരീഫ് കൊല്ലപ്പെട്ടത്. ഹോളി കളര്‍ ശരീരത്തിലാക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സംഭവത്തില്‍ ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ യു.പി പൊലീസിന് സാധിച്ചിട്ടില്ല. അതേസമയം ശരീഫിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ യുവാവിന്റെ മരണത്തില്‍ കേസെടുക്കുമെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
ശരീഫിന്റെ മരണത്തെ തുടര്‍ന്ന് യു.പിയില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഒന്നിലധികം സ്റ്റേഷനുകളില്‍ നിന്നുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീമുകളെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
അതേസമയം ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ കടുത്ത നിലപടുകളാണ് സ്വീകരിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് 60ലധികം പള്ളികളാണ് ജില്ലാ ഭരണകൂടം ടാര്‍പോളിന്‍ കൊണ്ട് മൂടിയത്.
ഹോളി ആഘോഷങ്ങളില്‍ സമാധാനം നിലനിര്‍ത്തുന്നതിനും മതസ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് നടപടിയെന്ന് അധികൃതരുടെ അവകാശവാദം.
ഹോളി ദിനത്തില്‍ മുസ്‌ലിങ്ങളോട് വീട്ടിലിരിക്കണമെന്ന് പറഞ്ഞ പൊലീസിനെ പിന്തുണ അറിയിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. ഹോളി ആഘോഷങ്ങള്‍ നടക്കുമ്പോള്‍ മുസ്‌ലിങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് ഉപദേശിച്ച സംഭാല്‍ ഡി.എസ്.പി അനുജ് ചൗധരിയെ പിന്തുണച്ചാണ് യോഗി പ്രതികരിച്ചത്.
എന്നാല്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടും, ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ പള്ളികള്‍ നേരെ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമവുമുണ്ടായി. സംഭാലിലെ ഒരു പള്ളിയുടെ ചുമരില്‍ ഹിന്ദുത്വവാദികള്‍ ജയ് ശ്രീറാം എന്നെഴുതുകയും ടാര്‍പോളിന്‍ കൊണ്ട് മൂടിയ മറ്റൊരു പള്ളിയില്‍ നിറം പൂശാനും ശ്രമം നടത്തിയിരുന്നു.
ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഹോളി ആഘോഷത്തിനിടെ പലപ്പോഴും അനിയന്ത്രിതമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാവാറുണ്ടെന്നും അതിനായുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണെന്നും കാണിച്ചാണ് പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിയത്.
ഇതിനിടെ ഹോളി കളര്‍ ശരീരത്തിലാകരുതെന്ന് ആഗ്രഹിക്കുന്ന മുസ്‌ലിങ്ങളായ സ്ത്രീകളും പുരുഷന്മാരും ടാര്‍പോളിന്‍ കൊണ്ടുള്ള ഹിജാബ് ധരിച്ച് പുറത്തിറങ്ങണമെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളും വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
Content Highlight: Muslim man beaten to death by mob for resisting holi colours in up