യു.പിയില്‍ മോഷണക്കുറ്റം ആരോപിച്ച് മുസ്‌ലിം യുവാവിന്റെ തല മൊട്ടയടിച്ചു, മര്‍ദനം; ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചു
national news
യു.പിയില്‍ മോഷണക്കുറ്റം ആരോപിച്ച് മുസ്‌ലിം യുവാവിന്റെ തല മൊട്ടയടിച്ചു, മര്‍ദനം; ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th June 2023, 4:11 pm

ലക്‌നൗ: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലാണ് സംഭവം. മൂന്ന് പേര്‍ ചേര്‍ന്നായിരുന്നു ഷഹിലിനെ മര്‍ദിച്ചത്. പ്രതികള്‍ ഇതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തു.

ജൂണ്‍ 14നായിരുന്നു സംഭവം നടന്നത്. എന്നാല്‍ യുവാവിന്റെ കുടുംബം എ.എസ്.പിയെ സമീപിച്ചതിന് ശേഷമായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.

ജൂണ്‍ 14ന് ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്ന ഷഹിലിനെ മൂന്ന് പേര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മൊബൈല്‍ മോഷണത്തെ കുറിച്ച് ചോദിക്കുകയും അതിന് ശേഷം മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയുമായിരുന്നു. പിന്നീട് തലയുടെ മുന്‍വശം മൊട്ടയടിച്ച് ജയശ്രീറാം വിളിക്കാനും പ്രതികള്‍ ഷഹിലിനെ നിര്‍ബന്ധിച്ചു. പ്രതികള്‍ ഇതിന്റെ വീഡിയോ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടതിന് ശേഷം ഷഹില്‍ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ പൊലീസ് നടപടി എടുത്തില്ലെന്നും പകരം മോഷണക്കുറ്റം ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊലീസ് ഭീഷണിപ്പെടുത്തുകയും പരാതി പിന്‍വലിക്കാന്‍ സമര്‍ദം ചെലുത്തിയതായും ഷഹിലിന്റെ കുടുംബം ആരോപിക്കുന്നു. തുടര്‍ന്ന് ജൂണ്‍ 17ന് ഷഹിലിന്റെ രക്ഷിതാക്കള്‍ പരാതിയുമായി സിറ്റി എ.എസ്.പിയെ സമീപിക്കുകയായിരുന്നു. തെളിവായി വൈറലായ വീഡിയോയും ഇവര്‍ നല്‍കി.

ഇതോടെ പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തുകയും മൂന്ന് പേരില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളുടെ അറസറ്റ് രേഖപ്പെടുത്തിയതായി ബുലന്ദ്ഷഹര്‍ എ.എസ്.പി എസ്.എന്‍. തിവാരി അറിയിച്ചു.

‘ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ ശ്രദ്ധയില്‍പ്പെട്ടു. മോഷണം ആരോപിച്ചാണ് യുവാവിനെ പ്രതികള്‍ മര്‍ദിച്ചത്. യുവാവിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. തുടര്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്,’ എ.എസ്.പി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

പ്രതികള്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നത് തുടരുകയാണെന്ന് ഷഹിലിന്റെ അമ്മ നൂര്‍ ബാനോ പറഞ്ഞു. ‘ അവര്‍ ഉന്നതരായ ആളുകളാണ് അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നത് തുടരുകയാണ്. ഞങ്ങള്‍ പാവപ്പെട്ടവരാണ്. എന്റെ മകന്‍ ഒരു പെയിന്റര്‍ മാത്രമാണ്,’ അവര്‍ പറഞ്ഞു.

 

Content Highlight: Muslim man beaten, forced to chant jai sriram in up