|

'അന്ന് പശു, ഇന്ന് കുതിര'; യു.പിയില്‍ കുതിരവണ്ടിയില്‍ വ്യാപാരം നടത്തിയതിന് മുസ്‌ലിം യുവാവിന് നേരെ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വഴിയോരക്കച്ചവടക്കാരനായ മുസ്‌ലിം യുവാവിന് നേരെ സംഘം ചേര്‍ന്ന് ആക്രമണം. കുതിരവണ്ടിയില്‍ സാധനങ്ങള്‍ വില്‍ക്കുകയായിരുന്ന ഡാനിഷ് എന്ന യുവാവിനാണ് പരിക്കേറ്റത്. ഇയാള്‍ മൃഗത്തിനെതിരെ ക്രൂരത നടത്തിയെന്നാരോപിച്ചാണ് ആക്രമണമെന്ന് സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവമെന്ന് ഗാസിയാബാദ് പൊലീസ് പറയുന്നു.

‘ഡാനിഷിനോട് കുതിരയെ കെട്ടഴിച്ചുവിടാന്‍ ആക്രമികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡാനിഷ് ഇത് നിരസിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതരായാണ് സംഘം യുവാവിനെ ആക്രമിച്ചത്,’ ഗാസിയാബാദ് പൊലീസിനെ ഉദ്ധരിച്ച് സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തിന് പിന്നാലെ ഡാനിഷിനെ രക്ഷിക്കാന്‍ പ്രദേശത്തെ മറ്റ് കച്ചവടക്കാരും എത്തിയെങ്കിലും ആക്രമികള്‍ ഇവരെയും ഉപദ്രവിക്കുകയായിരുന്നു. ഡാനിഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ഡാനിഷിനെ ആക്രമിക്കാനുപയോഗിച്ച മുളവടി, സ്റ്റീല്‍ സ്‌ക്രൂ, വടികള്‍ തുടങ്ങിയവ കണ്ടെടുത്തതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

അധ്യാപകനും എഴുത്തുകാരനുമായ അശോക് സ്വയ്ന്‍, മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരും സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചിരുന്നു.

ഹിന്ദുത്വവാദികളാണ് ആക്രമത്തിന് പിന്നിലെന്ന് അശോക് സ്വയ്ന്‍ ട്വിറ്ററില്‍ കുറിച്ചു. അന്ന് പശുവായിരുന്നെങ്കില്‍ ഇന്ന് കുതിരയായെന്നും മുസ്‌ലിങ്ങളെ ആക്രമിക്കാന്‍ മതഭ്രാന്തന്മാര്‍ പുതിയ കാരണങ്ങള്‍ കണ്ടെത്തുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Content Highlight: Muslim man assaulted in UP for selling jaggery in horse drawn cart

Latest Stories