ലഖ്‌നൗ: ജയ് ശ്രീറാം വിളിക്കാത്തതിന് ഉത്തര്‍പ്രദേശില്‍ മുസ്‌ലിം യുവാവിന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. യുവാവിന്റെ പെണ്‍കുഞ്ഞിനെ സാക്ഷിയാക്കിയായിരുന്നു മര്‍ദ്ദനം.
കാണ്‍പൂരിലാണ് സംഭവം.
റോഡിലൂടെ നടത്തിച്ചാണ് അക്രമികള്‍ ഇയാളെ മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കാണ്‍പൂരില്‍ ബജ്റഗ്ദള്‍ യോഗം ചേര്‍ന്നിരുന്നു.
പ്രദേശത്തെ ഹിന്ദു പെണ്‍കുട്ടികളെ മതംമാറ്റാന്‍ മുസ്‌ലിങ്ങള്‍ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു യോഗം. യോഗം കഴിഞ്ഞിറങ്ങിയവരാണ് മുസ്‌ലിം യുവാവിനെ പരസ്യമായി മര്‍ദ്ദിച്ചത്.
തുടര്‍ന്ന് ഏറെ നേരത്തിന് ശേഷം പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പൊലീസ് കൊണ്ടുപോകുമ്പോഴും അക്രമികള്‍ മര്‍ദ്ദനം തുടര്‍ന്നു.
മര്‍ദ്ദനമേറ്റ യുവാവിന്റെ പരാതിയില്‍ 11 പേര്‍ക്കെതിരെ കേസെടുത്തുവെന്ന് കാണ്‍പൂര്‍ പൊലിസ് അറിയിച്ചു. എന്നാല്‍ പ്രതിപ്പട്ടികയിലുള്ളവര്‍ ഏതെങ്കിലും സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണോ എന്ന് പോലീസ് വ്യക്തമാക്കിയില്ല.
ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ ഇ-റിക്ഷയുമായി പോകുമ്പോഴാണ് അക്രമികള്‍ തന്നെ തടഞ്ഞതെന്ന് മര്‍ദ്ദനമേറ്റ വ്യക്തി പൊലീസിനോട് പറഞ്ഞു. തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നും ഇയാളുടെ പരാതിയില്‍ പറയുന്നു.
ഗ്രാമത്തിലുള്ള ഇദ്ദേഹത്തിന്റെ ബന്ധു, ഹിന്ദുവായ അയല്‍ക്കാരനുമായി നിയമതര്‍ക്കത്തിലാണെന്നും കഴിഞ്ഞ മാസം മുതല്‍ കേസ് നടന്നുവരികയായിരുന്നുവെന്നും കാണ്‍പൂര്‍ പൊലിസ് പറയുന്നു.
യുവാവിനെ ആക്രമിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കാണ്‍പൂരിലെ മുതിര്‍ന്ന പൊലീസ് ഓഫീസര്‍ രവീണ ത്യാഗി പ്രതികരിച്ചു. പരാതി ലഭിച്ച അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും രവീണ ത്യാഗി പറഞ്ഞു.