| Thursday, 20th July 2017, 3:06 pm

പുരുഷന്മാര്‍ക്കൊപ്പം നൃത്തം ചെയ്ത് തെരഞ്ഞെടുപ്പു വിജയം ആഘോഷിക്കുന്ന മുസ്‌ലിം സ്ത്രീകള്‍: ആക്രമണവുമായി മുസ്‌ലിം മതമൗലികവാദികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പുരുഷന്മാര്‍ക്കൊപ്പം തെരഞ്ഞെടുപ്പു വിജയം ആഘോഷിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ ആക്രമണവുമായി മുസ് ലിം മതമൗലികവാദികള്‍. മുസ്‌ലിം ലീഗിന് ചീത്തപ്പേരുണ്ടാക്കിയെന്നാരോപിച്ച് ലീഗ് അണികള്‍ ഉള്‍പ്പെടെയാണ് ആക്രമണവുമായി രംഗത്തുവന്നിരിക്കുന്നത്.

മുസ്‌ലിം ലീഗിന്റെ കൊടിയും പിടിച്ച് പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന യുവതികളുടെ വീഡിയോയുടെ പേരിലാണ് സോഷ്യല്‍ മീഡിയകളില്‍ യുവതികള്‍ക്കെതിരെ ആക്രമണം നടക്കുന്നത്. യുവതികളെ തെറിവിളിച്ചും അധിക്ഷേപിച്ചും നിരവധി പേര്‍ ഇതിനകം രംഗത്തുവന്നു. സ്ത്രീകള്‍ ഇത്തരത്തില്‍ നൃത്തം ചെയ്യുന്നത് ഇസ്‌ലാമിക വിരുദ്ധമാണെന്നും ലീഗ് ഇതിനു കൂട്ടുനില്‍ക്കുകയാണെന്നും ആരോപിച്ചാണ് ലീഗിനെതിരെ ആക്രമണം നടക്കുന്നത്.

അതേസമയം യുവതികള്‍ ലീഗിന് ചീത്തപ്പേരുണ്ടാക്കിയെന്നും പാണക്കാട് തങ്ങളുടെ പേര് മോശമാക്കിയെന്നും ആരോപിച്ച് ലീഗ് അണികളും ഇവര്‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.

കഴിഞ്ഞദിവസം ഉപതെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ മലപ്പുറത്ത് നടന്ന വിജയാഹ്ലാദത്തിന്റെ ദൃശ്യങ്ങളുടെ പേരിലാണ് ആക്രമണം.

“എടീ പാണക്കാട് തങ്ങളെ കുറിച്ച് കുറ്റംപറയാന്‍ വഴിയൊരുക്കുന്ന നീയാണ് സമുദായത്തെ പറയിപ്പിക്കുന്നത്, നിന്നെപ്പോലെയുള്ള തെമ്മാടികളെ തൊട്ട് ലീഗിനെ അല്ലാഹു കാത്ത് രക്ഷിക്കട്ടെ ആമീന്‍” എന്നാണ് ഒരു കമന്റ്. യുവതികളെ തെറിവിളിച്ചും അധിക്ഷേപിച്ചുമുള്ള നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ ഈ വീഡിയോയുടെ താഴെ വരുന്നത്.

We use cookies to give you the best possible experience. Learn more