| Tuesday, 16th October 2012, 12:00 am

കെ.എ റഊഫിനെതിരെയുള്ള വേട്ടയാടല്‍ തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്:  ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ കെ.എ റഊഫിനെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാര്‍ ഹാജിയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത ശേഷം കൂടുതല്‍ കേസുകള്‍ ചുമത്തി കുടുക്കാന്‍ ശ്രമം നടക്കുന്നു.

ഭീഷണിക്കേസില്‍ റഊഫിനെ കുടുക്കി കൂടുതല്‍ കേസുകളില്‍ പ്രതിചേര്‍ക്കുകയും പാക്കിസ്ഥാന്‍ ചാരനെന്ന് പ്രചരണം നടത്തുകയും ചെയ്യുന്നതായാണ് പരാതി. റഊഫിന്റെ കേസുകള്‍ മാത്രം അന്വേഷിക്കാന്‍ പ്രത്യേകം ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തിയതായും അറിയുന്നു.[]

കുഞ്ഞാലിക്കുട്ടിയുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടോട്ടിയിലെ ലീഗ് നേതാവ് റഊഫിനെ സമീപിച്ചിരുന്നു. ഈ സംഭാഷണം റഊഫ് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ ക്ലിപ്പിങ് പിടിച്ചെടുക്കാന്‍ പോലീസിന് പ്രത്യേകം നിര്‍ദേശം ലഭിച്ചതായും അറിയുന്നു. ഇതിനായി നാടകീയമായ രംഗങ്ങളായിരുന്നു പിന്നീട് അരങ്ങേറിയത്.

റഊഫിന്റെ ഉടമസ്ഥതയില്‍ വാഴക്കാട് പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം ചിലര്‍ ചേര്‍ന്ന് തടസ്സപ്പെടുത്തുകയും സമീപത്തുള്ള മറ്റ് ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ ഒത്താശ ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം ഒത്തുതീര്‍ക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ചര്‍ച്ചയും നടന്നിരുന്നു.

ഉന്നത ലീഗ് നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് ചെറൂട്ടി റോഡിലെ സ്ഥാപനത്തില്‍ നേരത്തേ മൂന്നുതവണ ചര്‍ച്ച നടന്നിരുന്നു. ക്വാറി തുറപ്പിക്കാന്‍ വേണ്ട സഹായങ്ങള്‍ ഉറപ്പ് നല്‍കിയ ജബ്ബാര്‍ ഹാജി റഊഫിനോട് പകരം ചില കാര്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഐസ്‌ക്രീം കേസില്‍ ഇരകളും സാക്ഷികളുമായ യുവതികള്‍ ഇനി മിണ്ടരുതെന്നായിരുന്നു ആവശ്യം.

ഈ സംഭാഷണം ഊഫ് രഹസ്യ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് പുറത്തറിഞ്ഞതോടെ വീണ്ടും റഊഫിനെ ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു. ഇതിനായി റഊഫിനെ കൊണ്ടോട്ടി ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് ക്ഷണിച്ചു. ഇവിടെ വെച്ചാണ് പ്രസിഡന്റിനെ  ഭീഷണിപ്പെടുത്തിയെന്നാരോപണം ഉയരുന്നത്. തുടര്‍ന്ന് റഊഫിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഈ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയപ്പോള്‍ മറ്റൊരു കേസ് വീണ്ടും രജിസ്റ്റര്‍ ചെയ്തു. ഒരു ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് എഫ്.ഐ.ആര്‍ തയാറാക്കിയത്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തെളിവെടുപ്പിനായി അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയിലാണിപ്പോള്‍ റഊഫ്.

ഭീഷണിപ്പെടുത്തിലിന്റെ പേരില്‍ റഊഫിന്റെ പേരില്‍ തുടര്‍ന്നും കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. റഊഫിന്റെ ഫോണിലേക്ക് പാക്കിസ്ഥാനില്‍ നിന്നും കോള്‍ വന്നതായി തെളിവുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more