|

കെ റെയില്‍ വിരുദ്ധ സമരമുഖത്ത് മുസ്‌ലിം ലീഗില്ല; സാദിഖ് അലിയുടെ പോസ്റ്റിന് താഴെ ലീഗ് അണികളുടെ പൊങ്കാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ പി.എം. സാദിഖ് അലിയുടെ കെ റെയിലിനെതിരായ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ലീഗ് അണികളുടെ പൊങ്കാല.

കെ റെയില്‍ വിരുദ്ധ സമരമുഖത്ത് മുസ്‌ലിം ലീഗിനെ കാണാനില്ലെന്നും ലീഗ് പ്രാതിനിധ്യം സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ മാത്രമാണ് എന്നുമാണ് ഉയരുന്ന വിമര്‍ശനം.

”ഇത് കാട്ടുനീതിയാണ്. ജനങ്ങളുടെ സ്വൈരജീവിതം തകര്‍ത്ത്, പാവങ്ങള്‍ ഒരുക്കൂട്ടിയുണ്ടാക്കിയ കിടപ്പാടം വരെ അന്യായമായി കയ്യേറി സ്വകാര്യ ഭൂമിയില്‍ മഞ്ഞക്കുറ്റികള്‍ കൊണ്ടിടുന്ന കാട്ടാളര്‍ക്കെതിരെയാണ് ശരിക്കും കേസെടുക്കേണ്ടത്!

അതിനായി കാടിളക്കി കൊമ്പു കുലുക്കുന്ന പിണറായി വിജയനെയാണ് യഥാര്‍ത്ഥത്തില്‍ അറസ്റ്റ് ചെയ്ത് ചങ്ങലക്കിടേണ്ടത്!

പ്രതിരോധം തീവ്രവാദമല്ല. അപരാധികളോട് കേരളം പൊറുക്കില്ല! കെ റെയില്‍ തുലയട്ടെ,” എന്നായിരുന്നു സാദിഖ് അലിയുടെ പോസ്റ്റ്. ഇതിനോട് രൂക്ഷമായ ഭാഷയിലാണ് ലീഗ് പ്രവര്‍ത്തകരടക്കമുള്ളവര്‍ പ്രതികരിക്കുന്നത്.

കെ റെയിലിനെതിരെ പ്രത്യക്ഷമായി സമരരംഗത്തേക്ക് കടന്നുവരാന്‍ ലീഗ് പാര്‍ട്ടിക്കെന്താണ് ഒരു അമാന്തം, എന്നുള്ള രീതിയിലാണ് പല പ്രതികരണങ്ങളും വരുന്നത്. ‘കോണ്‍ഗ്രസും ബി.ജെ.പിയുമെല്ലാം കെ റെയില്‍ പ്രക്ഷോഭത്തില്‍ മുന്‍നിരയില്‍ നില്‍ക്കുമ്പോള്‍ ലീഗ് എവിടെ? ആര്‍ക്ക് വേണ്ടിയാണ് ലീഗ് മാറിനില്‍ക്കുന്നത്? ഇതിന് വലിയ വില നല്‍കേണ്ടി വരും’ എന്നും ശക്തമായ മുന്നറിയിപ്പുകള്‍ കമന്റുകളില്‍ വരുന്നുണ്ട്.


‘ഒറ്റപ്പെട്ട ഇതു പോലുള്ള ചില ഫേസ്ബുക് പോസ്റ്റുകളും മുനീര്‍ സാഹിബിന്റെ ഇടപെടലുകളും ഒഴിച്ച് നിര്‍ത്തിയാല്‍ മുസ്‌ലിം ലീഗ് ഈ വിഷയത്തില്‍ ആര്‍ക്കൊപ്പമാണെന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല സാഹിബ്. ഒരു ഭാഗത്ത് മഹാനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം ആയിരക്കണക്കിനാളുകള്‍ക്ക് വീടുവെച്ച് നല്‍കുന്ന പ്രസ്ഥാനം എന്തുകൊണ്ട് പതിനായിരങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ വരുമ്പോള്‍ കണ്ടില്ലെന്ന് നടിക്കുന്നു.

ഇതില്‍ ഒരു തുറന്ന സമരത്തിന് കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ കഴിയാത്ത വണ്ണം എന്ത് അഡ്ജസ്റ്റ്‌മെന്റാണ് അണിയറയില്‍. വരും നാളുകളില്‍ എന്റെ പ്രസ്ഥാനം മുന്നില്‍ തന്നെ ഉണ്ടാവും എന്ന വിശ്വാസമാണ് ഇന്നുമുള്ളത്. അതിന് ഒരു കളങ്കം വരില്ല എന്ന് വിശ്വസിക്കാമോ.’ എന്നാണ് ലീഗ് അനുകൂലിയായ ഒരാള്‍ ചോദിക്കുന്നത്.

മുസ്‌ലിം ലീഗ് നേതാക്കള്‍ (സംസ്ഥാന-ജില്ലാ) ഈ സമരത്തോടൊപ്പം ജനങ്ങളോടൊപ്പം തെരുവില്‍ ഉണ്ടാവണം. അധിനിവേശം നടത്തുന്ന ഒരു ഭരണകൂടത്തെ പ്രസംഗങ്ങള്‍ കൊണ്ടും ഫേസ്ബുക്ക് പോസ്റ്റുകള്‍കൊണ്ടും പ്രതിരോധിക്കാമെന്ന് തോന്നുന്നില്ല, എന്നും പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്.

‘സാദിഖലി സാഹിബ്, നിലനില്‍പ്പിനായുള്ള പൊതുജനങ്ങളുടെ കെ റയില്‍ ചെറുത്തുനില്‍പ്പ് പലമേഖലകളിലും ശക്തമാകുമ്പോള്‍, എന്റെ പാര്‍ട്ടി മുസ്‌ലിം ലീഗ് ഈ രംഗത്ത് എവിടെ? ഈ മാരണ പദ്ധതി കടന്നുപോകുന്ന പ്രദേശവാസിയാണ് ഞാന്‍. ഞങ്ങളുടെ ആശങ്കകള്‍ക്ക് വല്ല സഹായവും ലീഗ് പാര്‍ട്ടിയില്‍ നിന്ന് പ്രതീക്ഷിക്കാമോ?’

‘കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ കിടപ്പാടം കെ റെയിലിന്റെ പേരില്‍ ഫാസിസ്റ്റ് രീതിയില്‍ ഭരണകൂടം കയ്യേറുമ്പോള്‍ കാഴ്ചക്കാരായി നില്‍ക്കാന്‍ വിധിക്കപ്പെട്ട ഇടതുപക്ഷ യുവ സംഘടനകളുടെ കൂട്ടത്തിലേക്ക് ഭാഷാസമരത്തില്‍ രക്ത സാക്ഷ്യത്വം വഹിച്ച് സമരം വിജയിപ്പിച്ച കേരളത്തിലെ യൂത്ത് ലീഗുക്കാര്‍ ഇന്നെവിടെയാണ്. കോഴിക്കോട്ടും കണ്ടില്ല മലപ്പുറത്തും കണ്ടില്ല,’ എന്നും ചിലര്‍ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്.

Content Highlight: Muslim League workers comments on League leader PM Sadiq Ali’s fb post on K Rail

Video Stories