കണ്ണൂരില്‍ കൊലക്കേസ് പ്രതിയായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കൊലപ്പെട്ടു; എസ്.ഡി.പി.ഐയാണെന്നാരോപണം
Crime
കണ്ണൂരില്‍ കൊലക്കേസ് പ്രതിയായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കൊലപ്പെട്ടു; എസ്.ഡി.പി.ഐയാണെന്നാരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th July 2019, 7:56 am

കണ്ണൂര്‍: കണ്ണൂര്‍ ആദികടലായിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. വെത്തിലപ്പള്ളി സ്വദേശിയും ഇപ്പോള്‍ ആദികടലായില്‍ താമസിക്കുന്ന കട്ട റൗഫ് എന്ന് വിളിക്കുന്ന റൗഫ്(26) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെ ആദികടലായി അമ്പലത്തിനടുത്തുവച്ചാണ് വെട്ടേറ്റത്. പൊലീസെത്തി ചാല മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു

എസ്.ഡി.പി.ഐ പ്രവര്‍ത്തകനായിരുന്ന ഫാറൂഖിനെ 2016ല്‍ വെട്ടിക്കൊന്ന കേസിലെ പ്രതിയായിരുന്നു റഊഫ്. എസ്.ഡി.പി.ഐ ബ്രാഞ്ച് പ്രസിഡന്റും പാചകത്തൊഴിലാളിയുമായിരുന്നു ഫാറൂഖ്. ഇപ്പോള്‍ ജയിലില്‍ നിന്ന് ഇറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് റഊഫിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. ഇയാളുടെ ദേഹത്ത് ആഴത്തിലുള്ള വെട്ടുകളുണ്ട്. ഒരു കാല്‍ വെട്ട് കൊണ്ട് തൂങ്ങിയ നിലയിലാണ്.

ലുലു ഗോള്‍ഡിലെ സ്വര്‍ണക്കവര്‍ച്ച കേസിലും നിരവധി മയക്കുമരുന്ന് കേസിലും പ്രതിയാണ് റൗഫ്. ഏറെനാളായി ബന്ധുക്കളോടൊപ്പം വെത്തിലപ്പള്ളിയിലെ അല്‍അമീന്‍ ക്വാര്‍ട്ടേഴ്സിലാണ് താമസം.