തീവ്രവാദക്കേസുകള്‍; സലഫി സംഘടനകള്‍ക്ക് രാഷ്ട്രീയ പിന്തുണ നല്‍കാന്‍ ലീഗ് തീരുമാനം
Daily News
തീവ്രവാദക്കേസുകള്‍; സലഫി സംഘടനകള്‍ക്ക് രാഷ്ട്രീയ പിന്തുണ നല്‍കാന്‍ ലീഗ് തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th October 2016, 6:02 pm

തീവ്രവാദ വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തീവ്രവാദത്തിനെതിരെ ലീഗ് കര്‍ശന നടപടിയെടുക്കും. 


കോഴിക്കോട്: തീവ്രവാദക്കേസുകളില്‍ ആരോപണവിധേയരായ സലഫി സംഘടനകള്‍ക്ക് രാഷ്ട്രീയ പിന്തുണ നല്‍കാന്‍ മുസ്‌ലിം ലീഗ് തീരുമാനം.

തീവ്രവാദ വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തീവ്രവാദത്തിനെതിരെ ലീഗ് കര്‍ശന നടപടിയെടുക്കും.

മതസംഘടനങ്ങളാണ് തീവവാദത്തിന് കാരണമെന്ന ആരോപണം അമിതാവേശം കാണിക്കലാണ്. വിഷയം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട്‌ബോധ്യപ്പെടുത്താനും അടുത്ത യു.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കാനും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


Also Read: ചലോ ഉനയ്ക്കും ചലോ ഉഡുപ്പിക്കും ശേഷം ചലോ തിരുവനന്തപുരം: ജിഗ്നേഷ് മേവാനി


തീവ്രവാദക്കേസുകളില്‍ സലഫി നേതാക്കളും സ്ഥാപനങ്ങളും പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണ് അവര്‍ക്ക് രാഷ്ട്രീയ പിന്തുണ നല്‍കാന്‍ ലീഗ് തീരുമാനിച്ചത്. മത വിഭാഗീയതയുണ്ടാക്കുന്ന പ്രസംഗങ്ങളും പാഠപുസ്തകങ്ങളും ഒഴിവാക്കപ്പെടേണ്ടതാണ്. എന്നാല്‍ അതിന്റെ പേരില്‍ മുഖ്യധാരാ സംഘടകള്‍ക്കും നേതാക്കള്‍ക്കുമെതിരെ യു.എ.പി.എ പോലുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കുന്നത് അംഗീകരിക്കാനാവില്ല.

മതപാഠ പുസ്തകത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണം. അതിന്റെ പേരില്‍ യു.എ.പി.എ ചുമത്തുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തീവ്രവാദമെന്ന വിഷയം ഉയര്‍ത്തി സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ല. പീസ് സ്‌കൂളിലെ പാഠപുസ്തകം സംബന്ധിച്ച വിവാദത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


Also Read: മുഖ്യമന്ത്രിയുടെ നാട്ടില്‍ അശാന്തി വിതയ്ക്കാന്‍ ആര്‍.എസ്.എസ് നിയോഗിച്ചത് മോഹന്‍ജി എന്ന കൊലയാളി പ്രചാരകനെ: സുധീഷ് മിന്നി


ഏകീകൃത സിവില്‍ കോഡുമായി കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ രംഗത്തെത്തിയത് സംശയാസ്പദമാണ്. ഇതിനെതിരെ മുസ്‌ലിം സംഘടനകളെ ഒരുമിപ്പിച്ച് നീക്കം നടത്തും. ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം നല്ലതിനല്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

ഇത് വ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംശയമുണ്ട്. ഇതിനു പിന്നില്‍ ബി.ജെ.പിയാണ്. കേന്ദ്ര നീക്കത്തെ പ്രതിരോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ ആദ്യപടിയായി കേന്ദ്ര നിയമ കമ്മിഷന്‍ ചോദ്യാവലി പുറത്തിറക്കിയത് വിവാദമായിരുന്നു. ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ ജനങ്ങളില്‍ നിന്ന് വിശദാംശങ്ങള്‍ ആരാഞ്ഞതിന് ശേഷം കൂടുതല്‍ വിശദമായ നടപടികളിലേക്ക് കടക്കാനാണ് നിയമകമ്മീഷന്‍ ഉദ്ദേശിക്കുന്നത്.

ഏക സിവില്‍ നിയമത്തെ അനുകൂലിക്കുന്ന തരത്തിലുള്ള അപേക്ഷയും ഇതിനോടൊപ്പമുണ്ട്. 16 വ്യത്യസ്ത വിഷയങ്ങളിലാണ് ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഇത് ബഹിഷ്‌ക്കരിക്കണമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.