| Thursday, 2nd November 2023, 4:47 pm

സി.പി.ഐ.എം ക്ഷണിച്ചാൽ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‌ലിം ലീഗ് പങ്കെടുക്കും: ഇ.ടി. മുഹമ്മദ്‌ ബഷീർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സി.പി.ഐ.എം ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്നും ഇത് എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണെന്നും മുസ്‌ലിം ലീഗ് നേതാവും എം.പിയുമായ ഇ.ടി. മുഹമ്മദ്‌ ബഷീർ.

‘സ്വഭാവികമായിട്ടും വിളിക്കുകയാണെങ്കിൽ പോകാവുന്നതേയുള്ളൂ. ഞങ്ങളെ വിളിച്ചതായിട്ട് അറിയില്ല. നടക്കാൻ പോകുന്നതല്ലേയുള്ളൂ. ഇതുവരെ ക്ഷണം വന്നിട്ടില്ല. പാർട്ടി കൂടി ആലോചിച്ചിട്ടില്ല. പക്ഷേ പോകാവുന്നതേയുള്ളൂ.

ഈ വിഷയത്തിൽ രാജ്യവ്യാപകമായി ചർച്ച നടക്കേണ്ടതുണ്ട്. ലോകത്തെ നടുക്കിയ സംഭവ വികാസങ്ങളാണ് ഉണ്ടായത്. ഓരോ ദിവസവും നമ്മൾ വായിച്ചുകൊണ്ടിരിക്കുന്നത് അതാണ്. അത് ഞാൻ വിശദീകരിക്കേണ്ട കാര്യമില്ല,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യ എപ്പോഴും വേദന അനുഭവിക്കുന്നവരുടെ കൂടെ നിൽക്കുകയാണ് ഉണ്ടായതെന്നും ആ പാരമ്പര്യത്തെ എല്ലാവരും കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ നിലപാടിനെ അപലപിക്കുകയാണെന്ന് അറിയിച്ച ഇ.ടി. സംസ്ഥാന സർക്കാരിന്റെ ഫലസ്തീൻ ഐക്യദാർഢ്യ നിലപാടിനൊപ്പമാണ് ലീഗ് എന്നും അറിയിച്ചു.

അതേസമയം സി.പി.ഐ.എം സംഘടിപ്പിച്ച ഏക വ്യക്തിനിയമം സെമിനാറിൽ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്ന് ഇ.ടി. മാധ്യമങ്ങളോട് പറഞ്ഞു. അന്നത്തെ നിലപാടുമായി പുതിയ നിലപാടിന് സാമ്യമില്ല എന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനെ ക്ഷണിക്കാത്തതിന്റെ പേരിൽ അവസാന നിമിഷം മുസ്‌ലിം ലീഗ് പിന്മാറുകയായിരുന്നു.

Content highlight: Muslim league will participate in CPIM Palestine solidarity rally if invited

We use cookies to give you the best possible experience. Learn more