കോഴിക്കോട്: മുസ്‌ലിം സമുദായത്തെ സംരക്ഷിക്കാന്‍ ഖിയാമത്ത് നാളുവരെ മുസ്‌ലിം ലീഗ് ഉണ്ടാകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം.
പിണറായി വിജയന്‍ സര്‍ക്കാറിന് അധികാരം ലഭിച്ചതുമുതല്‍ മുസ്‌ലിം വിരുദ്ധ നലപാടുകളാണ് എടുത്തുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തിലും സര്‍ക്കാര്‍ നിലപാട് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. വഖഫ് നിയമന വിവാദത്തില്‍ കോഴിക്കോട് ബീച്ചില്‍ മുസ്‌ലിം ലീഗ് നടത്തിയ പ്രക്ഷോഭത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പള്ളികളില്‍ പ്രതിഷേധം നടത്തണമെന്ന് പറഞ്ഞത് മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പറഞ്ഞത്. മുസ്‌ലിം ലീഗ് അങ്ങനെ
എവിടെയും പറഞ്ഞിട്ടില്ല. മതത്തിന്റെ പ്രശ്‌നമായതുകൊണ്ടാണ് സംഘടനകള്‍ അതില്‍ അഭിപ്രായം പറഞ്ഞത്. തീര്‍ച്ചയായും അത് മതപരമായി തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ടെതെന്നും അദ്ദേഹം പറഞ്ഞു.
ലീഗിന് ഒരു മതസ്ഥാപനവുമില്ല. സി.പി.ഐ.എമ്മാണ് പള്ളികളില്‍ പ്രതിഷേധിച്ചാല്‍ സംഘര്‍ഷമുണ്ടാകും എന്ന നിലയില്‍ പ്രസ്താവനയിറക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പള്ളികളില്‍ പ്രതിഷേധമുണ്ടായാല്‍ സംഘര്‍ഷമുണ്ടാകുമെന്നും ഏതെങ്കിലും തരത്തിലുള്ള കലാപമുണ്ടാകുമെന്നുമുള്ള തിരിച്ചറിവില്‍ ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ ചര്‍ച്ച നടത്തിയാണ് ആ തീരുമാനം പിന്‍വലിച്ചത്. എങ്കിലും മഹല്ല് അടിസ്ഥാനത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലും ബോധവത്കരണം നടത്തിയിട്ടുണ്ട്.
ന്യൂനപക്ഷങ്ങള്‍ പ്രതിസന്ധിയിലായ സമയത്തൊക്കെ മുസ്‌ലിം ലീഗ് അവരുടെ രക്ഷക്കായി എത്തിയിട്ടുണ്ട്. അറബി ഭാഷ സമരത്തിന്റെ ഭാഗമായി മൂന്ന് വിലപ്പെട്ട ജീവനുകള്‍ ബലികൊടുത്താണ് ലീഗ് ആ പ്രോക്ഷോഭം വിജയിപ്പിച്ചെടുത്തത്.
ജനകീയ പ്രതിരോധത്തിലൂടെ വഖഫ് ബേര്‍ഡില്‍ പി.എസ്.സി വഴി നിയമനം നടത്താനുള്ള നിയമം പിന്‍വലിപ്പിക്കും. കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറപ്പിക്കും.
ഇസ്‌ലാം മതവിശ്വാസികളല്ലാത്തവരും മതമില്ലാത്തവരും വഖഫ് ബോര്‍ഡില്‍ നിയമിക്കപ്പെട്ടാല്‍ ശരീഅത്ത് നടക്കില്ല. വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യേണ്ടത് ശരീഅത്ത് നിയമ പ്രകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിലല്‍ മതസംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു.
എന്നാല്‍ യോഗത്തില്‍ നിന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കേരള മുസ്‌ലിം ജമാഅത്തും എം.ഇ.എസും വിട്ടുനിന്നു.
കഴിഞ്ഞ നവംബര്‍ 9 നാണ് സംസ്ഥാനത്തെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാന്‍ തീരുമാനമായത്. ഇത് സംബന്ധിച്ചുള്ള
ബില്‍ നിയമസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Muslim league will be until the Day of Resurrection to protect the Muslim community: PMA Salam