മരവിപ്പിച്ചതല്ല. മുരട് തന്നെ മുറിച്ചതാണ്. കാമ്പസിനപ്പുറം ജില്ലാ, സംസ്ഥാന തലങ്ങളില്‍ പച്ചപ്പോടെ പടര്‍ന്ന് പന്തലിച്ച് തറവാടിന്റെ തറയിലേക്ക് വേരിറങ്ങി വിള്ളല്‍ വരുമെന്ന് വാദിച്ച് ഇനിയൊരിക്കലും തളിര്‍ക്കാത്ത വിധം മഴുവെടുത്ത് വെട്ടി മുസ്‌ലിം ലീഗ്.
വേരുണങ്ങിപ്പോയ വനിതാലീഗിന്റെ ഇനത്തില്‍പ്പെട്ടതല്ല ഹരിത. പുതിയ കാലത്തിന്റെ പദനിസ്വനങ്ങളറിഞ്ഞ് പതറാതെ പൊരുതാന്‍ പക്വത നേടിയ പെണ്‍പടയാണിത്.
ആഭ്യന്തര കാര്യമായത് കൊണ്ട് അനേകായിരം വട്ടം അരമനയുടെ കതകില്‍ തന്നെ മുട്ടി. കാലതാമസത്തിന്റെ ‘പരിഗണന’ അവഗണനക്ക് തുല്യമാണെന്നറിഞ്ഞപ്പോ വനിതാകമ്മീഷന്റെ വാതില്‍ പടിയിലെത്തി.
അഹങ്കാരമായിട്ടല്ല, നീതിക്ക് വേണ്ടിയുള്ള നീക്കത്തെ ആര്‍ജ്ജവമായും അടയാളപ്പെടുത്താം. ഈ കുട്ടികളെ മുന്നില്‍ നിര്‍ത്തി അവകാശ പോരാട്ടം നടത്തിയപ്പോ, ക്യാമ്പസ് ഇലക്ഷനില്‍ വിജയത്തിന്റെ വേലിയറ്റം തീര്‍ത്തപ്പോ സി.എച്ചിന്റെ സ്വപ്നമെന്നും, സി.എച്ചിന്റെ സന്താനങ്ങളെന്നും മോട്ടിവേഷന്‍ നല്‍കിയ മുതിര്‍ന്ന നേതാക്കളെല്ലാം മൗനത്തിന്റെ മാളത്തിലാണിപ്പോള്‍.
ഒടുവില്‍ വാദി പ്രതിയായി. പരാതിപ്പെട്ട പത്തുപെണ്‍കുട്ടികള്‍ പൊരിവെയിലത്ത്. പിന്തുണക്കാന്‍ പാര്‍ട്ടിയില്ല, പ്രവര്‍ത്തകരില്ല. എന്നിട്ടും പാദമിടറാതെ, പിന്മാറാതെ ഉന്നയിച്ച വിഷയത്തില്‍ ഉറച്ചു നിന്നു.
ചെയ്ത പാപമെന്താണ്. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ടത് പരസ്യപ്പെടുത്തിയത്രേ. പരാതി പണയപ്പണ്ടം പോലെ കാലതാമസത്തിന്റെ ലോക്കറില്‍ വെച്ച പാര്‍ട്ടിക്ക് പത്തരമാറ്റിന്റെ പരിശുദ്ധിയും.
വാര്‍ത്തയും, വിവാദവും പുകഞ്ഞ് കത്തിയിട്ടും പാര്‍ട്ടിയെ ചോദ്യം ചെയ്യുന്ന നീതീകരണവുമായി ഹരിതയുടെ ഒരൊറ്റ ഭാരവാഹിയും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടില്ലെന്നതും ശ്രദ്ധേയമല്ലേ.
മാധ്യമ ചര്‍ച്ചകളില്‍ ചെന്നിരുന്ന് പാര്‍ട്ടിയെ പഴിപറയാനും ഹരിത പോയില്ലെല്ലോ. ഖമറുന്നീസയുടെ പാചക കുറിപ്പ് വായിച്ച് എം.ടിയുടെ നോവലും, ഖലീല്‍ ജിബ്രാന്റെ കുറിപ്പും, റൂമിയുടെ സൂഫികവിതകളും ആസ്വദിച്ചറിഞ്ഞ് റഫിയുടെ ഗാനങ്ങളില്‍ അലിഞ്ഞ്
കോട്ടക്കുന്നിലെ കുളിര്‍ക്കാറ്റില്‍ പൂക്കളേയും, പുഴകളേയും, പൂമ്പാറ്റകളേയും പ്രണയിച്ച് വികാസം പ്രാപിച്ച വീക്ഷണത്തോടെ ജീവിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുണ്ടായിരുന്നെങ്കില്‍ ഹരിതയെ കേള്‍ക്കാന്‍ കാലതാമസിന്റെ ബധിരത ബാധിക്കാത്ത കാതുണ്ടായേനേ.
കുട്ടികളേ, നിങ്ങള്‍ പഠിച്ച സിലബസല്ല ഇന്നത്തെ രാഷ്ട്രീയം. ഇതൊരു ചതുപ്പ് നിലമാണ്. ചതിയുടെ ചതുരംഗ കളിയില്‍ നിങ്ങളിപ്പോള്‍ തോറ്റ് പോയിരിക്കുന്നു.
വീണിടത്ത് നിന്ന് ‘മരവിപ്പ്’ മാറി തലപൊക്കുമ്പോള്‍ അടുത്ത തൊഴിവരും. കരിവളയിട്ട കൈകള്‍ക്ക് പ്രതിരോധിക്കാനാവാത്ത പ്രഹരം. ഇതളു പൊഴിഞ്ഞിട്ടുണ്ട്. ഇനിയൊരു പൂക്കാലം പ്രതീക്ഷിക്കേണ്ട.
പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ടവര്‍ പ്രമുഖരുടെ പിന്തുണയില്‍ പുഞ്ചിരിക്കട്ടെ. അല്ല, ആര്‍ത്തു ചിരിക്കട്ടെ. കുറുക്കുവഴിയിലൂടെ അമരത്തു വന്നര്‍ വിപ്ലവം തീര്‍ത്ത ചരിത്രമെവിടെ.