| Saturday, 13th March 2021, 10:32 am

കെ.പി.എ മജീദ് മത്സരിച്ചാല്‍ തോല്‍പ്പിക്കും; പ്രതിഷേധവുമായി പ്രാദേശിക നേതാക്കള്‍; ലീഗില്‍ അതൃപ്തി പുകയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്‌ലിം ലീഗില്‍ പൊട്ടിത്തെറി. തിരൂരങ്ങാടിയില്‍ കെ.പി.എ മജീദിനെ മാറ്റണമെന്ന ആവശ്യവുമായി ലീഗിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തി.

മജീദ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് വിട്ടു നിന്നില്ലെങ്കില്‍ അദ്ദേഹത്തെ തോല്‍പ്പിക്കുന്ന നടപടിയിലേക്ക് കടക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. മുതിര്‍ന്ന നേതാക്കളോട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും തിരൂരങ്ങാടിയിലെ പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നു.

നിലവില്‍ പാര്‍ട്ടി നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ തയ്യാറില്ലെങ്കില്‍ അമ്പേ പരാജയപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലേക്ക് തങ്ങള്‍ കടക്കുമെന്നാണ് പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

നാളെ വൈകുന്നേരം വരെ മാറ്റത്തിന് കാത്തിരിക്കുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു. ഹൈദരലി ശിഹാബ് തങ്ങളെയും മുസ്‌ലിം ലീഗിന്റെ ജില്ലാ പ്രസിഡന്റ് സെയ്ദ് സാദിഖലി ശിഹാബ് തങ്ങളെയും കണ്ടു. അദ്ദേഹത്തിനോടും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രവര്‍ത്തകര്‍ പറയുന്നു,.

മജീദ് സാഹിബിനോട് വ്യക്തിപരമായി ഒരു വിദ്വേഷമോ എതിര്‍പ്പോ ഇല്ല. പക്ഷെ ആര്‍ക്കും വേണ്ടാത്ത, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പ്രകൃതത്തിന് പറ്റാത്ത ആളാണ് മജീദ്. അതിനാല്‍ അദ്ദേഹം മത്സരിക്കേണ്ട എന്നാണ് തങ്ങളുടെ ആവശ്യമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

തിരൂരങ്ങാടിക്കാരനായ ഒരാളെ തന്നെ നിര്‍ത്തണം. തിരൂരങ്ങാടിക്കാരനായ പി.എം.എ സലാമിനെ തന്നെ നിര്‍ത്തണെന്നും അത്തരത്തിലൊരു പ്രതീക്ഷ നേതൃത്വം തന്നിരുന്നതായും പ്രവര്‍ത്തകര്‍ പറയുന്നു.

എന്നാല്‍ കെ പി എ മജീദ് തന്നെയായിരിക്കും സ്ഥാനാര്‍ത്ഥിയെന്നാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയത്.

കൊടുവള്ളിയില്‍ സ്ഥാനാര്‍ത്ഥിയായ എം.കെ മുനീറിനെതിരെയും കോഴിക്കോട് സൗത്ത് സ്ഥാനാര്‍ത്ഥിയായ നൂര്‍ബിന റഷീദിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.

സൗത്തില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിലാണ് പ്രതിഷേധം. ലീഗ് മണ്ഡലം കമ്മിറ്റിയാണ് നൂര്‍ബിനയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കൊടുവള്ളിയില്‍ പ്രവര്‍ത്തകനായ എം. എ റസാഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. എം. കെ മുനീര്‍ കൊടുവള്ളിയില്‍ മത്സരിക്കുകയാണെങ്കില്‍ വോട്ടു ചെയ്യില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ മുനീറിന്റെ വീട്ടില്‍ പോയി അദ്ദേഹത്തെ കാണുകയും ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Muslim League thiroorangadi workers against KPA Majeed candidateship

We use cookies to give you the best possible experience. Learn more