കണ്ണൂര്‍: മുസ്‌ലിം ലീഗിലെ ചേരിപ്പോര് രൂക്ഷമാകുന്നു. ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് തളിപറമ്പ് മുനിസിപ്പാലിറ്റിയില്‍ ലീഗിന്റേയും പോഷകസംഘടനകളുടേയും എല്ലാ കമ്മിറ്റികളും പിരിച്ചുവിടാന്‍ ജില്ലാ ഭാരവാഹി യോഗം തീരുമാനിച്ചു.
മുനിസിപ്പല്‍ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് വനിതാ ലീഗ്, പ്രവാസി ലീഗ് കമ്മിറ്റികളാണ് പിരിച്ചുവിടുന്നത്. എസ്.ടി.യുവിന്റെ വിവിധഘടകങ്ങളെ ഏകോപിപ്പിക്കുവാന്‍ മുനിസിപ്പല്‍ തലത്തില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി.
മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്മാര്‍ അഡ്മിന്മാരായ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വിഭാഗീയ പ്രവര്‍ത്തനം ലക്ഷ്യം വെച്ച് സംഘടനാ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവ അടിയന്തരമായി പിരിച്ചുവിടേണ്ടതാണെന്നും ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചു.
തളിപറമ്പില്‍ പ്രവര്‍ത്തിക്കുന്ന ജിന്നാ സാധു സംരക്ഷണസമിതിയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ കമ്മിറ്റി വ്യക്തമാക്കി. പ്രസ്തുതസംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഉത്തരവാദപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും വിട്ടുനില്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞുമുഹമ്മദിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. സംസ്ഥാന ഭാരവാഹികളായ വി.കെ. അബ്ദുള്‍ ഖാദര്‍ മൗലവി, അബ്ദുള്‍റഹ്മാന്‍ കല്ലായി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight; Muslim League Taliparamba