അണികളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു; ശോഭാ സുരേന്ദ്രന്റെ സമരപന്തല്‍ സന്ദര്‍ശിച്ച ലീഗ് നേതാവിനെ നീക്കി
Kerala News
അണികളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു; ശോഭാ സുരേന്ദ്രന്റെ സമരപന്തല്‍ സന്ദര്‍ശിച്ച ലീഗ് നേതാവിനെ നീക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th December 2018, 8:45 am

മഞ്ചേശ്വരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിക്കുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്റെ സമര പന്തല്‍ സന്ദര്‍ശിച്ച ലീഗ് നേതാവിനെതിരെ നടപടി.

മംഗല്‍പാടി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ലീഗ് പ്രസിഡന്റ് മുഹമ്മദ് ഹാജിക്കെതിരെയാണ് നടപടി. മുഹമ്മദ് ഹാജിയെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യാന്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചത്.

യൂത്ത് ലീഗിന്റെ യുവജനയാത്ര സമാപന ദിവസമാണ് തിരുവനന്തപുരത്ത് ശോഭ സുരേന്ദ്രന്റെ ഉപവാസ പന്തല്‍ ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചത്. സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചിക്കുകകയും ലീഗിനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

Read Also : ശോഭാസുരേന്ദ്രന്റെ സമരപന്തല്‍ സന്ദര്‍ശിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

സോഷ്യല്‍ മീഡിയയില്‍ പ്രശ്‌നം സജീവ ചര്‍ച്ചയായതോടെ നേതൃത്വത്തിനെതിരെ അണികളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു വന്നതോടെയാണ് നടപടിക്ക് പാര്‍ട്ടി നിര്‍ബന്ധിതമായത്.

മഞ്ചേശ്വരം മണ്ഡലത്തിലെ ലീഗ് ശക്തികേന്ദ്രമായ മംഗല്‍പാടി പഞ്ചായത്തില്‍ നിന്നുള്ള നേതാക്കളായ ബി.കെ. യൂസഫും മുഹമ്മദ് അഞ്ചിക്കട്ടയുമാണ് ബി.ജെ.പി സമരപ്പന്തലില്‍ നിരാഹാര സമരം കിടക്കുന്ന ശോഭ സുരേന്ദ്രനെ സന്ദര്‍ശിച്ചത്.

Read Also : നിരാഹാര പന്തലില്‍ വെച്ച് ശോഭാസുരേന്ദ്രന്‍ സ്റ്റീല്‍ ഗ്ലാസില്‍ കുടിച്ചത് ജ്യൂസോ; സംശയം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയ

എന്നാല്‍, വനിതാ മതിലിനെ പിന്തുണച്ചതിനു ഷുക്കൂര്‍ വക്കീലിനെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയ പാര്‍ട്ടി, ബി.ജെ.പിയുടെ ഔദ്യോഗിക സമരപ്പന്തലില്‍ ചെന്ന് ശോഭ സുരേന്ദ്രനൊപ്പം സെല്‍ഫിയെടുത്ത നേതാവിനെ സ്ഥാനത്തുനിന്നും നീക്കം ചെയ്യുക മാത്രമാണ് ചെയ്തതെന്നാരോപിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്.