| Tuesday, 28th January 2020, 9:38 am

എല്‍.ഡി.എഫിന്റെ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തു; കെ.എം ബഷീറിനെ മുസ്‌ലിം ലീഗ് സസ്‌പെന്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലം വൈസ്പ്രസിഡന്റ് കെ.എം. ബഷീറിനെ മുസ്‌ലിം ലീഗ് സസ്‌പെന്റ് ചെയ്തു. അച്ചടക്ക ലംഘനം നടത്തി എന്നാരോപിച്ചാണ് സസ്‌പെന്‍ഷന്‍. റിപ്പബ്ലിക് ദിനത്തില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ മഹാശ്യംഖലയില്‍ പങ്കെടുത്തതും ലീഗിനെയും യു.ഡി.എഫിനെയും വിമര്‍ശിച്ചതുമാണ് നടപടിക്കുള്ള കാരണം. ഒപ്പം യു.ഡി.എഫ് സംഘടിപ്പിക്കുന്ന സി.എ.എ വിരുദ്ധ പരിപാടികളില്‍ നിന്ന് കെ.എം ബഷീര്‍ വിട്ടു നില്‍ക്കുന്നു എന്ന ആരോപണവുമുണ്ട്.

പൗരത്വ നിയമത്തിനെതിരായി എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ ശൃംഖലയില്‍ യു.ഡി.എഫ് നേതാക്കള്‍ പങ്കെടുത്തത് വിവാദമാക്കേണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് ബഷീറിനെതിരായ നടപടി.

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം എന്ന നിലയിലാണ് ജനങ്ങള്‍ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതെന്നും യു.ഡി.എഫിന്റെ പരിപാടിയില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും പങ്കെടുത്തിട്ടുണ്ടെന്നും വിവാദം ബി.ജെ.പിക്കാണ് ഗുണം ചെയ്യുകയെന്നും കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ എല്‍.ഡി.എഫിന്റെ മനുഷ്യശൃംഖലയില്‍ കെ.എം ബഷീര്‍ പങ്കെടുത്തത് യു.ഡി.എഫിനുള്ളില്‍ അസ്വാരസ്യം ഉണ്ടാക്കിയിരുന്നു.

മനുഷ്യ മഹാശൃംഖലയില്‍ യു.ഡി.എഫ് അണികള്‍ പങ്കെടുത്തത് നേതാക്കള്‍ ഗൗരവത്തോടെ കാണണമെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞിരുന്നു.

എന്നാല്‍ ഇന്ത്യന്‍ പൗരനെന്ന നിലയിലുള്ള കടമയാണ് താന്‍ നിറവേറ്റിയതെന്നാണ് കെ.എം ബഷീര്‍ മനുഷ്യ ചങ്ങലയില്‍ പങ്കെടുത്തതിനെ പറ്റി നേരത്തെ പ്രതികരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത മനുഷ്യ മഹാ ശൃംഖലയില്‍ പ്രാദേശിക നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുത്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാവുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more