വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് ലീഗ്; ഒ.ബി.സി ഉപസംവരണം വേണം
Kerala News
വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് ലീഗ്; ഒ.ബി.സി ഉപസംവരണം വേണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th September 2023, 5:25 pm

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് മുസ്‌ലിം ലീഗ്. വിനിതാ സംവരണത്തിനൊപ്പം ഒ.ബി.സി ഉപസംവരണവും നടപ്പാക്കണമെന്നാണ് ലീഗിന്റെ ആവശ്യമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സഭയെ അറിയിച്ചു.

‘മുസ്‌ലിം സ്ത്രീകള്‍ സഭകളിലെ പ്രാതിനിധ്യത്തില്‍ പിന്നിലാണ്. അതിനാല്‍ ഇതില്‍ ഒ.ബി.സി ഉപസംവരണം വേണം. അവസരം ലഭിച്ച സ്ഥലങ്ങളില്‍ പുരുഷന്മാരേക്കാള്‍ നന്നായി വനിതാ ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്,’ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

ബില്ല് കൊണ്ടുവന്ന രീതിയോട് എതിര്‍പ്പുണ്ടെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബില്ല് കൊണ്ടുവന്നത് പ്രാകൃതമായ രീതിയിലാണെന്നും നിസാരമായിട്ടാണ് ഇതിനെ കൈകാര്യം ചെയ്തിരുന്നെതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

എസ്.സി, എസ്.ടി, ഒ.ബി.സി ഉപസംവരണം വേണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പെഴ്‌സണുമായ സോണിയ ഗാന്ധി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. നിയമം ഉടന്‍ തന്നെ നടപ്പാക്കണമെന്നും സോണിയ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു.

‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി എന്ന നിലയില്‍, നാരി ശക്തി വന്ദന്‍ അതിനിയം 2023നെ ഞാന്‍ പിന്തുണക്കുന്നു,’ കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് പാര്‍ട്ടി ചീഫ് ആയ സോണിയ ഗാന്ധി പറഞ്ഞു. തന്റെ പങ്കാളിയും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ സ്വപ്നം ഇതോടെ യാഥാര്‍ത്ഥ്യമാവുകയാണെന്നും അവര്‍ ലോക്‌സഭയില്‍ പറഞ്ഞു

Content Highlight: Muslim League supports women’s reservation bill