| Thursday, 19th August 2021, 9:36 am

മുസ്‌ലിം ലീഗിന് വീണ്ടും തിരിച്ചടി; തൃക്കരിപ്പൂര്‍ ഭൂമിതട്ടിപ്പില്‍ കുറ്റക്കാര്‍ക്കെതിരെ നിയമനടപടിയാരംഭിച്ച് വഖഫ് ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഞ്ചേശ്വരം: മുസ്‌ലിം ലീഗിന് തിരിച്ചടിയായി തൃക്കരിപ്പൂര്‍ ഭൂമിയിടപാടില്‍ വഖഫ് ബോര്‍ഡ് നടപടി തുടങ്ങി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള തൃക്കരിപ്പൂര്‍ ജാമിഅ സഅദിയ്യ ഇസ്‌ലാമിയ അഗതി മന്ദിരത്തിന്റെ 2.3 ഏക്കര്‍ ഭൂമി സംബന്ധിച്ച ഇടപാടിലാണ് വഖഫ് ബോര്‍ഡ് നടപടി ആരംഭിച്ചത്.

വഖഫ് ബോര്‍ഡ് മന്ത്രി വി. അബ്ദുള്‍ റഹ്മാനും വഖഫ് ബോര്‍ഡിനും നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. നേരത്തെ ഭൂമിവിറ്റത് അനധികൃതമായിട്ടാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കൈമാറ്റം റദ്ദ് ചെയ്യാന്‍ തീരുമാനമായിരുന്നു.

ഭൂമി തട്ടിപ്പ് സംബന്ധിച്ച് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. നിയമസഭയിലും ഉന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിച്ച മന്ത്രി വി. അബ്ദുള്‍ റഹ്മാന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സഭയില്‍ വ്യക്തമാക്കുകയും ചെയ്തു.

നിയമവിരുദ്ധമായിട്ടാണ് വഖഫ് ഭൂമി കൈമാറിയതെന്ന് വഖഫ് ബോര്‍ഡിന്റെ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് കോഴിക്കോട് നടന്ന സമസ്ത മുഷാവറ യോഗത്തില്‍ വാങ്ങിയ ഭൂമി തിരിച്ചുനല്‍കുമെന്ന് മുസ്‌ലിം ലീഗ് നേതാവും അന്നത്തെ എം.എല്‍.എയുമായ എം.സി. ഖമറുദ്ദീന്‍ ചെയര്‍മാനായ ട്രസ്റ്റ് അറിയിച്ചിരുന്നു.

തൃക്കരിപ്പൂരിലെ സ്‌കൂള്‍ കെട്ടിടമടക്കം രണ്ട് ഏക്കറോളം ഭൂമി എം.സി ഖമറുദ്ദീന്‍ ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാക്കള്‍ ഭാരവാഹികളുമായ ട്രസ്റ്റിന് വിറ്റിരുന്നു. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിത്തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ ടി.കെ. പൂക്കോയ തങ്ങള്‍ പ്രസിഡന്റായ അഗതിമന്ദിരത്തിന്റെ ഭൂമിയാണ് കൈമാറിയത്.

വഖഫ് നിയമപ്രകാരം വഖഫ് ഭൂമി കൈമാറ്റം രണ്ട് വര്‍ഷം വരെ തടവ് കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണ്. തുടക്കം മുതല്‍ക്കു തന്നെ ഭൂമി വഖഫിന്റേതല്ലാ എന്ന നിലപാടായിരുന്നു ഖമറുദ്ദിന്‍ സ്വീകരിച്ചിരുന്നത്.

വഖഫിന്റെ ഭൂമി അല്ലാ എന്ന ഉത്തമബോധ്യം ഉള്ളതുകൊണ്ടാണ് ഭൂമി വാങ്ങിച്ചതെന്നും വഖഫിന്റേതാണെന്ന് തെളിഞ്ഞാല്‍ തിരികെ നല്‍കുക തന്നെ ചെയ്യും എന്നുമായിരുന്നു ഖമറുദ്ദീന്‍ നേരത്തെ പറഞ്ഞിരുന്നത്. നിയമവിരുദ്ധമായാണ് ഭൂമി വാങ്ങിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിന് പിന്നാലെ ഭൂമി തിരികെ നല്‍കാമെന്ന് സമസ്ത വിളിച്ച യോഗത്തില്‍ ഖമറുദ്ദീന്‍ ചെയര്‍മാനായ ട്രസ്റ്റ് നിലപാട് എടുക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Muslim League suffers another setback; Waqf board takes legal action against Thrikkarippur land scam

We use cookies to give you the best possible experience. Learn more