കോഴിക്കോട്: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് നേരിട്ട പരാജയം വിലയിരുത്താന്‍ ഉപസമിതി രൂപീകരിച്ചു. കെ.എം. ഷാജി, പി.കെ. ഫിറോസ് എന്നിവര്‍ ഉള്‍പ്പെടെ പത്തംഗ ഉപസമിതിയെ ആണ് തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ നിയോഗിച്ചത്.
പി.എം.എ. സലാം, കെ.പി.എ. മജീദ് എം.എല്‍.എ, ആബിദ് ഹുസൈന് തങ്ങള്‍, അബ്ദുറഹ്മാന് രണ്ടത്താണി, സി.പി. ചെറിയ മുഹമ്മദ്, കുട്ടി അഹമ്മദ്കുട്ടി, എം. ഷംസുദ്ദീന്, പി.എം. സാദിക്കലി തുടങ്ങിയവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
ലീഗ് ഹൗസില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് സമിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചത്.
ഉപസമിതി അടുത്ത ദിവസങ്ങളില്‍ യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തക സമിതിയ്ക്ക് സമര്‍പ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഓരോ മണ്ഡലവും സമിതി പരിശോധിക്കും. അഭിപ്രായങ്ങള്‍ ക്രോഡീകരിക്കും.
യോഗത്തില്‍ തലമുറ മാറ്റം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അതേസമയം നേതൃമാറ്റം ചര്‍ച്ചയായില്ല.
കെ.എം. ഷാജിയ്ക്ക് എതിരെയുള്ള വിജിലന്‍സ് അന്വേഷണം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഷാജിക്കെതിരെ നടക്കുന്നത് സര്‍ക്കാര്‍ വേട്ടയാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ താനൂര്‍ മണ്ഡലത്തിലായിരുന്നു പി.കെ. ഫിറോസ് ജനവിധി തേടിയിരുന്നത്. വി. അബ്ദുറഹ്മാനോട് 985 വോട്ടുകള്‍ക്കാണ് ഫിറോസ് പരാജയപ്പെട്ടത്. ലീഗ് നേതാവ് കെ.എം. ഷാജി അഴീക്കോട് മണ്ഡലത്തിലാണ് മത്സരിച്ചിരുന്നത്. സി.പി.ഐ.എമ്മിന്റെ കെ.വി. സുമേഷിനോട് 6141 വോട്ടുകള്‍ക്കാണ് ഷാജി പരാജയപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 27 മണ്ഡലങ്ങളില്‍ മത്സരിച്ച ലീഗിന് 15 ഇടത്ത് മാത്രമാണ് ഇത്തവണ വിജയിക്കാനായത്. സിറ്റിംഗ് സീറ്റുകളായ, കുറ്റ്യാടി, കളമശ്ശേരി, അഴീക്കോട്, കോഴിക്കോട് സൗത്ത് എന്നീ മണ്ഡലങ്ങള്‍ ലീഗിന് നഷ്ടമായിരുന്നു.