ലീഗിനെ മനസ്സിലാക്കാന്‍ നിങ്ങളുടെ കോട്ടിന്റെ പിന്‍ബലം മാത്രം പോര; കെമാല്‍ പാഷയോട് മുസ്‌ലിം ലീഗ്
Kerala News
ലീഗിനെ മനസ്സിലാക്കാന്‍ നിങ്ങളുടെ കോട്ടിന്റെ പിന്‍ബലം മാത്രം പോര; കെമാല്‍ പാഷയോട് മുസ്‌ലിം ലീഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th May 2021, 1:42 pm

തിരുവനന്തപുരം: ലീഗ് വര്‍ഗീയപാര്‍ട്ടിയാണെന്ന റിട്ടയേര്‍ഡ് ജഡ്ജി ബി. കെമാല്‍ പാഷയുടെ ആരോപണത്തിനെതിരെ മുസ്‌ലിം ലീഗ് രംഗത്ത്.

ഏഴര പതിറ്റാണ്ടിന്റെ മുസ്‌ലിം ലീഗ് രാഷ്ട്രീയത്തെ ഇഴകീറി പരിശോധിച്ച് വര്‍ഗീയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മാത്രം കെമാല്‍ പാഷമാര്‍ വളര്‍ന്നിട്ടില്ല. കെമാല്‍ പാഷയുടെ ചില മോഹങ്ങള്‍ നടക്കാതെ പോയതിന് മുസ്‌ലിം ലീഗിന്റെ മേല്‍ കുതിര കയറരുതെന്നും ലീഗിന്റെ പ്രസ്താവനയില്‍ പറയുന്നു.

അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെ ‘കിട്ടാത്ത മുന്തിരി പുളിക്കും’ എന്ന പ്രസ്താവനയായി മാത്രമേ കാണാന്‍ കേരള സമൂഹത്തിന് കാണുകയുള്ളുവെന്നാണ് ലീഗ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിക്കുന്നത്.

മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയവും സംഘടനാ സംവിധാനവും എന്താണെന്ന് മനസിലാക്കാന്‍ അദ്ദേഹത്തിന്റെ കോട്ടിന്റെ പിന്‍ബലം മാത്രം പോര എന്നും എറണാകുളം ജില്ലയില്‍ മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ കളമശ്ശേരിയില്‍ യു.ഡി.എഫില്‍ ആര് മത്സരിക്കും എന്ന് തീരുമാനിക്കാനുള്ള അധികാരം ലീഗിന് മാത്രമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയം തനിക്ക് അനുകൂലമായില്ലെന്നതിന്റെ പേരില്‍ ലീഗിനെ വര്‍ഗീയ കക്ഷിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. മലയാളികളുടെ മതേതര മനസിനെ വേദനിപ്പിക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍ മുസ്‌ലിം ലീഗിന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്ന് കെമാല്‍ പാഷയ്ക്ക് വസ്തുതകള്‍ നിരത്തി ആരോപിക്കാന്‍ കഴിയുമോ എന്നും പ്രസ്താവനയില്‍ ചോദിക്കുന്നു.

‘മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും ലീഗിനെ ചുമന്നുനടന്ന് കോണ്‍ഗ്രസ് അധഃപതിച്ചെന്നുമായിരുന്നു കെമാല്‍ പാഷയുടെ പരാമര്‍ശം. കോണ്‍ഗ്രസിന് ലീഗ് ഒരു ബാധ്യതയാണെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. കത്വയിലെ പെണ്‍കുട്ടിയുടെ പേരില്‍ പണം പിരിച്ച് ലീഗ് അഴിമതി നടത്തിയെന്നും കെമാല്‍ പാഷ ആരോപിച്ചു.

അഴിമതികള്‍ എന്തുമാത്രമാണ്. മരിച്ചുപോയ ഒരു പെണ്‍കുട്ടിയുടെ പേരില്‍ പണം പിരിക്കുകയാണ്. കോടിക്കണക്കിന് രൂപ പിരിച്ചു. അതിനെക്കുറിച്ച് കണക്കുമില്ല ഒന്നുമില്ല, അവിടെ ആര്‍ക്കും കൊടുത്തിട്ടുമില്ല,”പാഷ പറഞ്ഞു.

മുസ്‌ലിം ലീഗ് മുസ്‌ലിങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും പാഷ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം

അതേസമയം, തുടര്‍ഭരണം കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണെന്നും അങ്ങനെ ഒരു ഭരണം കൊണ്ടുവന്നു എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിവെന്നും കെമാല്‍ പാഷ പറഞ്ഞു.

ഭരണത്തുടര്‍ച്ച ഉണ്ടാവില്ലെന്നാണ് താന്‍ വിശ്വസിച്ചിരുന്നതെന്നും കാരണം പ്രതിപക്ഷം ഇതേപോലെ കുത്തഴിഞ്ഞതാണെന്ന ധാരണ തനിക്ക് ഉണ്ടായിരുന്നില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

പിണറായി കുറേ പാഠങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും ഉപദേശികള്‍ പിണറായിയെ തെറ്റായ വഴിക്ക് നയിച്ച് ഒരുപാട് ചൂടുവെള്ളത്തില്‍ ചാടിച്ചെന്നും അത് തിരിച്ചറിഞ്ഞ് മാറ്റി ‘വിവരംകെട്ട ഉപദേശികളെ’ എടുത്തു കളഞ്ഞ് പിണറായി വിജയന്‍ സ്വന്തമായി ഭരിച്ചാല്‍ നന്നായിരിക്കുമെന്നും പാഷ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Muslim League statement agaisnt Rtd. Jusice B Kemal Pasha