മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജില്ലാ ഭാരവാഹികളില്‍ കൂടുതല്‍ പേരും എം.കെ. മുനീറിനെ പിന്തുണച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ലീഗ് ജില്ലാ ഭാരവാഹികളെ മലപ്പുറത്തേക്ക് വിളിച്ച് വരുത്തി അഭിപ്രായം ചോദിക്കുകയായിരുന്നു. കണ്ണൂരൊഴികെ ലീഗിന് സ്വാധീനമുള്ള പ്രധാന ജില്ലാ ഭാരവാഹികള്‍ മുനീറിനെ പിന്തുണച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എന്നാല്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഈ നീക്കത്തോട് യോജിപ്പില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പിനുള്ള പ്രതിസന്ധി തുടരുകയാണ്. നിലവിലെ ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെ ഒരിക്കല്‍ കൂടി തെരഞ്ഞെടുക്കാനാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ താല്‍പര്യം. ഇതിനിടയില്‍ ഇ.ടി. മുഹമ്മദ് ബഷീറും കെ.പി.എ. മജീദും അടക്കമുള്ള പ്രമുഖ നേതാക്കള്‍ക്ക് സലാമിനെ വീണ്ടും സെക്രട്ടറിയാക്കുന്നതിന് എതിര്‍പ്പുണ്ട്.
ഈ സാഹചര്യത്തില്‍ സമവായത്തിനായി കുഞ്ഞാലിക്കുട്ടിയുമായും സലാമുമായും അടുപ്പമുള്ള ഒരു എം.എല്‍.എയെ നിയോഗിച്ച് വിഷയം പരാഹരിക്കാന്‍ സാദിഖലി തങ്ങള്‍ നിര്‍ദേശം നല്‍കി എന്ന റിപ്പോര്‍ട്ടും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് സാദിഖലി തങ്ങള്‍ അറിയിച്ചു.
അതേസമയം, സംസ്ഥാന ഭാരവാഹികളെ നിശ്ചയിക്കുന്ന കാര്യത്തിലും ചില തര്‍ക്കങ്ങളുണ്ട്. വി.കെ. ഇബ്രാഹിം കുഞ്ഞിനെ ട്രഷററാക്കാനുള്ള നീക്കത്തില്‍ അഹമ്മദ് കബീറടക്കമുള്ള നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Muslim League state general secretary post, most of the district office-bearers were supporting M.K. Muneer